‘മഴ നനഞ്ഞ് കുളിരാം മണ്ണറിഞ്ഞ് വളരാം’; പ്രകൃതിയെ അറിഞ്ഞ് പഠിക്കാന്‍ കുറ്റ്യാടി ചുരത്തില്‍ സേവിന്റെ മഴയാത്ര


കുറ്റ്യാടി: പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥ പാഠങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വാളാന്തോട് നിന്നും ആരംഭിച്ച യാത്ര മെയിന്‍ റോഡിലൂടെ നടന്നു പക്രം തളത്തു നിന്നും കാനന പാതയിലൂടെ 5 കിലോമീറ്റര്‍ സഞ്ചരിച്ച് രണ്ടാമത്തെ വെള്ളച്ചാട്ടത്തിന് സമീപം സമാപിച്ചു. എം ഷഫീഖ്, സി കെ രാജലക്ഷ്മി, നിര്‍മ്മല ജോസഫ്, സുമ പള്ളിപ്രം, ലത്തീഫ് കുറ്റിപ്പുറം, ആഷോ സമം, സന്ധ്യ കരണ്ടോട് തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. നാദാപുരം സിവില്‍ ഡിഫന്‍സ്, ചുരം സംരക്ഷണ സമിതി, റെഡ് ക്രോസ് കുറ്റ്യാടി എന്നിവര്‍ മഴയാത്രയ്ക്ക് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മഴ യാത്ര മത്സര വിജയികളായ കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മയ്യന്നൂര്‍ എം.സി.എം.യു.പി സ്‌കൂള്‍, കായക്കൊടി എ.എം.യു.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കി. ഈ വര്‍ഷത്തെ മഴ യാത്ര മുദ്ര ഗീത മത്സരത്തില്‍ പങ്കെടുത്ത് ‘മഴ നനഞ്ഞു കുളിരാം മണ്ണറിഞ്ഞ് വളരാം’ എന്ന മുദ്രാഗീതം നിര്‍ദ്ദേശിച്ച് വിജയിയായ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസീല്‍ മുഹമ്മദിനുള്ള പുരസ്‌കാരവും കൈമാറി. മഴ വരയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളായ റീമാ സലിം, ഫിദ മെഹ്‌റിന്‍, വൈഗശ്രീ എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി.

മഴയാത്രയിലെ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം ലഭിച്ച കുറ്റ്യാടി എം.ഐ.യു.പി സ്‌കൂളിന് കവയത്രി സുഗതകുമാരിയുടെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫിയാണ് സമ്മാനിച്ചത്. രണ്ടാം സ്ഥാനം നേടിയ സംസ്‌കൃതം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടോളിക്കും മയ്യന്നൂര്‍ എംസിഎം യുപി സ്‌കൂളിനും പുരസ്‌കാരങ്ങള്‍ നല്‍കി.

മുന്‍ ഡിഡിഇ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായി. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍, അനില്‍കുമാര്‍ പരപ്പുമ്മല്‍, ഷൗക്കത്ത് അലി എരോത്ത്, അംബുജാക്ഷന്‍ ബെല്‍മണ്ട്, സെഡ് എ സല്‍മാന്‍, കെ ഷിബിന്‍, ഹരീഷ് തൊട്ടില്‍പ്പാലം തുടങ്ങിയവര്‍ സംസാരിച്ചു.