‘ഭക്ഷണവിഭവങ്ങളിലേക്ക് മാത്രം ശ്രദ്ധിച്ചു എത്രവിലപ്പെട്ട സമയമാണ് നാമൊക്കെ നഷ്ടപ്പെടുത്തുന്നത്!’; ഹറംപള്ളിയിലെ നോമ്പുതുറയോര്‍മ്മകളുമായി പേരാമ്പ്ര സ്വദേശിനി സൗദ റഷീദ്
സൗദ റഷീദ്
എന്റെ നോമ്പോര്‍മ്മകളിലെ വസന്തകാലം തീര്‍ച്ചയായും മദീന അനുഭവങ്ങളില്‍നിന്നുണ്ടായതാണ്. ഒന്നരദശാബ്ദക്കാലം ഹബീബിന്റെ ചാരത്ത് ഈത്തപ്പഴവും സംസമും കുടിച്ചു തുറന്നതിനേക്കാള്‍ മധുരമുള്ള നോമ്പോര്‍മ്മ വേറെയില്ല. ആദ്യമേ, ഇങ്ങനെയൊരനുഗ്രഹം ചൊരിഞ്ഞ അല്ലാഹുവിന് സര്‍വ്വസ്തുതിയും, അല്‍ഹംദുലില്ലാഹ്.
വിവാഹം കഴിഞ്ഞു ഫാമിലി വിസയിലാണ് സൗദിയില്‍ എത്തുന്നത്. അവിടെ നോമ്പിനു ഹറമില്‍പോയിരുന്നു. രാത്രി മിക്കവാറും നിസ്‌കാരവും പള്ളിയും ഒക്കെ ആയി ഹായാത്താക്കുന്നതുകൊണ്ട് സുബ്ഹിക്ക്‌ശേഷമാണ് ഉറങ്ങാന്‍ കഴിയുക. ളുഹര്‍ബാങ്കോടെ എണീറ്റു നിസ്‌കാരം കഴിഞ്ഞു ഒരുക്കങ്ങള്‍ തുടങ്ങും. അസര്‍ നിസ്‌കാരം കഴിഞ്ഞു പള്ളിയിലേക്ക് പുറപ്പെടും.
ഹറമിനകത്ത് ഈത്തപ്പഴം, സംസം തൈര്, റൊട്ടി പിന്നെ അതില്‍ മിക്‌സ് ചെയ്തു കഴിക്കാന്‍ ദുഗ്ഗപ്പൊടി (പ്രത്യേകം മസാലകള്‍ ചേര്‍ത്തു പൊടിക്കുന്നത് )എന്നിവ മാത്രമേ അനുവദിക്കൂ. ചായനിറച്ച ഫ്‌ലാസ്‌ക് ഒന്നും തിരക്കുള്ള സമയത്ത് ഉള്ളിലേക്ക് അനുവദിക്കാറില്ല. മാത്രല്ല പള്ളി ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത് കൊണ്ടും പ്രായമായവര്‍ക്കും മറ്റും ബുദ്ധിമുട്ട് ആയേക്കുന്നതിനും മറ്റുമാവാം ഈ സമയത്തൊക്കെ പത്തു വയസ്സില്‍ താഴെ ഉള്ളകുട്ടികളെ ഹറമിനുള്ളിലേക്ക് പ്രവേശിപ്പിക്കാറുമില്ല.
ചെറുപ്രായവും എപ്പോഴും ചെറിയമക്കള്‍ കൂടെ ഉണ്ടായിരുന്നതിനാലും ഞങ്ങളെപോലുള്ളവരുടെ നോമ്പ്തുറ ഹറമിന്റെ മുറ്റത്താവും. ഗ്രനേറ്റ് വിരിച്ച, ചൂടുകുറയ്ക്കാന്‍ വെള്ളം സ്‌പ്രേചെയ്യുന്ന കൂളര്‍ ഒക്കെ ആയി ആധുനിക സൗകര്യങ്ങളുള്ള അവിടം വൈകുന്നേരമാകുമ്പോഴേക്കും അറബികളും അനറബികളും ആയിട്ടുള്ള അനേകം ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കും. പാകിസ്ഥാനികള്‍ സുഫ്രയില്‍ പ്രാര്‍ത്ഥനാനിമഗ്‌നരായിരിക്കും. അവരുടെ മക്കളും ഏറ്റുചൊല്ലും. അറബ്‌സും അങ്ങിനെതന്നെ. ഇങ്ങനെയുള്ള സമയങ്ങളില്‍ ഭക്ഷണവിഭവങ്ങളിലേക്ക് മാത്രം ശ്രദ്ധിച്ചു എത്രവിലപ്പെട്ട സമയമാണ് നാമൊക്കെ നഷ്ടപ്പെടുത്തുന്നത്! സ്ത്രീകളെ പൂര്‍ണ്ണമായും അടുക്കളയില്‍ തളച്ചിടുന്ന നമ്മുടെ നമ്മുടെ രീതികള്‍ നമുക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?! നോമ്പ്തുറ ഒരു കാരക്കക്കീറ്‌കൊണ്ടായാലും മതിയാകുന്നതാണെന്ന് റസൂല്‍ (സ) അരുളിയിട്ടുണ്ട്.
മുറ്റത്തെ സുഫ്ര പള്ളിക്ക് അകത്തുള്ള സുഫ്രയില്‍നിന്ന് വിഭിന്നമായി ഇന്ത്യന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സുഡാന്‍, സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ എല്ലാവരുടെയും വിഭവങ്ങളും രുചിവൈവിധ്യങ്ങളും നിറഞ്ഞതായിരിക്കും. സൗദികള്‍ സുഫ്രയിലേക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യും. ഒരു ബോക്‌സില്‍ ഒരാള്‍ക്ക് നോമ്പ്തുറക്കാനാവശ്യമായിട്ടുള്ള ഈത്തപ്പഴം, വെള്ളം, ജ്യൂസ്, ഒരു റൊട്ടി( ഇത് ഖുബ്ബൂസ്, തമ്മീസ് എന്നിങ്ങനെ പല പേരിലും പല വലിപ്പത്തിലും പലതരം രുചികളിലും ലഭ്യമാണ് ), സബാദി (തൈര് ) ദുഗ്ഗപ്പൊടി… ഇവയൊക്കെ ഉണ്ടാവും. പാകിസ്ഥാന്‍, ഹൈദ്രാബാദ് ബിരിയാണികള്‍, സിറിയന്‍, ലബനാന്‍ എന്നിങ്ങനെ.. പതിനാറുലക്ഷം ജനങ്ങള്‍ ഒറ്റയിരുപ്പില്‍ നോമ്പ്തുറന്ന് എന്നാല്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് അവിടമാകം ക്ലീനിങ് നടത്തി നിസ്‌കാരത്തിനൊരുക്കാന്‍ വേണ്ട തൊഴിലാളികള്‍ ക്ലീനിങ് സാമഗ്രികള്‍…(സൗദിയില്‍ ഭക്ഷണം വേസ്റ്റ് ബിന്നില്‍ ഇടാറില്ല. പകരം നോമ്പ് അല്ലാത്തപ്പോഴും നല്ല കവറില്‍ കെട്ടി അതിന്റെ സൈഡില്‍ കെട്ടിതൂക്കി വെക്കും. ആവശ്യക്കാര്‍ അത് വന്നെടുത്തു കൊണ്ടുപോകുന്നതും കാണാം)ഇവയെല്ലാം സദാ സജ്ജരായിരിക്കുകയും ചെയ്യും. ഇരുഹറമുകളെയും സൗദി അറേബ്യ പരിപാലിച്ചു പോരുന്നത് വളരെയധികം അഭിനന്ദനാര്‍ഹമായ രീതിയിലാണ്. അങ്ങനെയാണ് അബ്ദുല്ലരാജാവിന് ‘ഖാദിമിയ്യത്തുല്‍ ഹറമൈന്‍ ശരീഫൈന്‍ ‘ ഇരു ഹറമുകളുടെ സൂക്ഷിപ്പുകാരന്‍ എന്നപേര് ലഭിച്ചത്. ഇപ്പോള്‍ സല്‍മാന്‍ രാജാവിന്റെ കാലത്തും ഈ പതിവ് തുടരുന്നു.
നോമ്പ് തുറന്ന ഉടനെ മഗ്‌രിബ് നമസ്‌കാരം. പിന്നീടാണ് വാങ്ങിവച്ച ആഹാരങ്ങള്‍ കഴിക്കുന്നത്. എല്ലാവരും വീടുകളില്‍ വച്ചുതയ്യാറാക്കിയ ഭക്ഷണസാധനങ്ങള്‍ പരസ്പരം കൈമാറുന്നു. നമ്മുടെ കിച്ചരിക്കും(ചെറുപയര്‍ പായസം) തരിക്കും അവിടെ നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു. പല വിദേശികളും റെസിപ്പി ചോദിച്ചുവരാറുണ്ടായിരുന്നു.
അതുകഴിഞ്ഞാല്‍ ഹറമില്‍തന്നെ( മുറ്റത്ത്, അണ്ടര്‍ ഗ്രൗണ്ടില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉണ്ടല്ലോ )അല്ലെങ്കില്‍ വീട്ടില്‍ വന്ന് വീണ്ടും വുളുഒക്കെ പുതുക്കി ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കും. റമദാന്‍ ഇരുപത് വരെ വിത്ര്‍ നമസ്‌കാരവും ഇതിനോടൊപ്പമാണ്. രണ്ടാമത്തെ പത്തിലോ, വലിയ പരീക്ഷണങ്ങള്‍ ഉള്ള സമയത്തോ (പ്രകൃതിദുരന്തങ്ങള്‍, യുദ്ധം… അങ്ങനെ ജനങ്ങള്‍ ഭയന്നു കഴിയുന്ന അവസ്ഥയില്‍ )വിതറില്‍ ഖുനൂത്ത് പതിവാണ്. ഇശാ ജമാഅത്ത് കഴിഞ്ഞാല്‍ പിന്നെ സുന്നത്ത് നമസ്‌കരിക്കാം. പിന്നെ തറാവീഹിന്റെ സമയമാണ്. ഈ കൊറോണകാലംവരെ ഇരുഹറമുകളിലും ഇരുപത് റകഅത്തും, ഒരു ദിവസത്തെ തറാവീഹില്‍ ഒരു ജുസുഉ ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തുകൊണ്ടു ദീര്‍ഘമായ നമസ്‌കാരമായിരുന്നു. എങ്കിലും സ്ത്രീകളും കുട്ടികളും അതിലും പങ്കെടുക്കും. പിന്നീട് എല്ലാരും വീടുകളിലേക്ക് മടങ്ങും.
എന്നാല്‍ റമദാന്‍ ഇരുപത്കഴിഞ്ഞു ഖിയാമുല്ലൈല്‍ ഉണ്ടാവും. ഏകദേശം ഒരുമണിയോട് അടുത്തുതുടങ്ങുന്ന ഈ നമസ്‌കാരവും ഏകദേശം മൂന്നുമണിവരെയുണ്ടാകും. ഇടയ്ക്ക് ഖുബയിലും (ഖുബ മോസ്‌ക്) കിബ് ല തൈന്‍ മോസ്‌കിലും പോകാറുണ്ടായിരുന്നു.
മുത്ത്ഹബീബും പത്‌നിമാരും സഹാബാക്കളും താബിഉകളും താബിഉതാബിഉകളും ഉലമാക്കളും ഒക്കെ നോമ്പ്തുറന്ന, അമലുകള്‍ക്ക് ആയിരം ഇരട്ടി പ്രതിഫലമുള്ള പുണ്യനഗരിയിലെ നോമ്പോര്‍മ്മയേക്കാള്‍ വലിയ മറ്റെന്താണ് ഈ എളിയജീവിതത്തിലെനിക്ക് ലഭിക്കാനുള്ളത്. അവിടെയെത്താന്‍ കൊതിക്കുന്ന അനേകം പേരുണ്ട് നമുക്കിടയില്‍…അവരുടെയൊക്കെ ആഗ്രഹം സഫലമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ….
“ നിങ്ങളുടെ റമദാൻ നൊസ്റ്റാൾജിയ പങ്കുവെക്കൂ: [email protected] ”
സൗദ റഷീദ്:
പേരാമ്പ്ര കല്ലോട് സ്വദേശിനിയാണ്. സൗദിയില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സിറാജുല്‍ ഹുദയില്‍ അധ്യാപികയാണ്. കഥ, കവിത, ലേഖനം, ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാറുണ്ട്. ‘ഒറ്റനക്ഷത്രം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.