നിപ ജാഗ്രത: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മദ്രസ, അംഗനവാടി ഉള്‍പ്പെടെ) ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മാറ്റമില്ലാതെ നടക്കും. അവധി പ്രഖ്യാപിച്ച ദിവസങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഓണ്‍ലൈനായി ക്ലാസ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിപ്പ സാഹചര്യത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.