സര്‍ഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള; പതിനൊന്നാമത് വാര്‍ഷിക കരകൗശല മേള ഇരിങ്ങല്‍ ക്രാഫ്ട് വില്ലേജില്‍ ഡിസംബര്‍ 22ന് തുടക്കം


പയ്യോളി: സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ഇരിങ്ങല്‍ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 8 വരെ നടക്കും. സര്‍ഗാലയുടെ പതിനൊന്നാമത് വാര്‍ഷിക കരകൗശല മേളയുടെ ഔദ്യാഗിക ഉദ്ഘാടനം ഡിസംബര്‍ 22ന് വൈകീട്ട് ആറ് മണിക്ക് എം.എല്‍.എ ശ്രീമതി. കാനത്തില്‍ ജമീല നിര്‍വ്വഹിക്കും.

400 ല്‍പ്പരം കരകൗശല വിദഗ്ദര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശന വിപണന മേള, ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, എന്നിവ മേളയില്‍ ഉണ്ടാകും.

വനം-വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദര്‍ശന പവിലിയന്‍, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളുടെ കരകൗശല പ്രദര്‍ശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള മൊബിലിറ്റി എക്‌സ്‌പോ, എന്നിവ ഒരുക്കുന്നു.

കൂടാതെ വൈവിദ്ധ്യമറിയ കലാപരിപാടികള്‍, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, ഹൌസ് ബോട്ട്, പെഡല്‍, മോട്ടോര്‍ ബോട്ട് എന്നിവയും മേളയുടെ മേന്മ കൂട്ടാനായി ഉണ്ടാവും. മലബാര്‍ മെഡിക്കല്‍ കോളേജും സഹാനി ഹോസ്പിറ്റല്‍ നന്തിയും ഒരുക്കുന്ന മെഡിക്കല്‍ സപ്പോര്‍ട്ട് ഡെസ്‌കും സൗജന്യ ബി.എല്‍.എസ് ട്രെയിനിങ് എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

18 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ ഈ വര്‍ഷം ശ്രീലങ്ക പാര്‍ട്ണര്‍ രാജ്യമായി പങ്കെടുക്കും. 11 രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 400 ഓളം കരകൗശല വിദഗ്ദ്ധര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.

[mid5]

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളില്‍ ഇടം നേടി അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് മേള സംഘടിപ്പിക്കുന്നത്. ഭാരത സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. [mid6]