ഈ ബൗളുകളും കല്ലുകളും വെറും കൗതുകക്കാഴ്ചകളല്ല; അന്താരാഷ്ട്ര കരകൗശല മേളയില്‍ താരമായി ശബ്ദങ്ങള്‍ കൊണ്ട് മനസിന്റെ മുറിവുണക്കുന്ന വിദ്യ പരിചയപ്പെടുത്തുന്ന യുവാവ്



ഇരിങ്ങല്‍:
നമുക്കു ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ അലട്ടാത്ത, പ്രതിസന്ധികള്‍ക്കിടയിലൊന്നും തളരാത്ത മനസ് അത് ഏതൊരാളുടെയും സ്വപ്‌നമാണ്. നമ്മുടെ ഏകാഗ്രത വീണ്ടെടുത്തുകൊണ്ട്, മനോഹരമായ ശബ്ദങ്ങള്‍ കൊണ്ട് മനസിനെ ബാധിച്ച മുറിവുകളെ ഉണക്കുന്ന വിദ്യ, ആയുര്‍വേദ ചികിത്സയ്ക്ക് പേരുകേട്ട കേരളത്തില്‍, സര്‍ക്കാറുമായി ചേര്‍ന്ന് ഇങ്ങനെയൊരു പദ്ധതിക്കുള്ള ശ്രമങ്ങളിലാണ് തങ്ങള്‍ എന്തു പറയുകയാണ് നേപ്പാള്‍ കാഠ്മണ്ഡു സ്വദേശിയായ പ്രഭാത്.

ഇരിങ്ങല്‍ കരകൗശല മേളയുടെ അന്താരാഷ്ട്ര പവലിയനില്‍ പരമ്പരാഗത രീതിയിലുള്ള നേപ്പാളി വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ പ്രഭാത് എന്ന ചെറുപ്പക്കാരന്‍ തനിക്കുമുന്നിലെത്തുന്നവരെ ആത്മീയ അനുഭൂതിയുടെ ലോകം പരിചയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ടിബറ്റില്‍ നിന്നുള്ള സിംഗിള്‍ ബൗളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പഞ്ചലോഹങ്ങളില്‍ തീര്‍ത്ത ഈ ബൗളുകള്‍ പ്രത്യേക രീതിയില്‍ സ്പര്‍ശിച്ചാല്‍ ആത്മീയ നാദം ഉതിര്‍ക്കും.

ഓംകാരം, ശംഖുനാദം… അങ്ങനെ നമ്മളെ അല്പനേരത്തെങ്കിലും ഈ ശബ്ദങ്ങള്‍ അനുഭവിച്ചറിയുന്ന വ്യക്തി ധ്യാനത്തിലെന്നപോലെ അനുഭൂതിയുടെ ലോകത്തിലെത്തും. ബൗളുകളില്‍ വെള്ളം നിറച്ചാണ് അവ നമ്മള്‍ പ്രത്യേക രീതിയില്‍ സ്പര്‍ശിക്കുന്നതെങ്കില്‍ ശരീരത്തിന് കുളിരുപകരുന്ന മനസിനെ സന്തോഷത്തിലെത്തുന്ന മനോഹരമായ ജലനൃത്തം കാണാം.

പ്രഭാതിന് മുന്നിലുള്ള ബൗളുകളെല്ലാം പലവിധ ശബ്ദങ്ങളിലൂടെ നമ്മളെ ‘ഹീല്‍’ ചെയ്യുന്നവയാണ്. ഇവയ്ക്ക് വലുപ്പത്തിനും പ്രധാന്യത്തിനും അനുസരിച്ച് രണ്ടായിരവും പതിനായിരവും അതിനുമുകളിലുമൊക്കെയാണ് വില. ധ്യാന ആവശങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രത്യേകതരം ലോഹങ്ങള്‍കൊണ്ട് നിര്‍മ്മിച്ച മണികളും ഇവിടുത്തെ കൗതുകക്കാഴ്ചയാണ്. ഏഴായിരവും അതിനുമുകളിലുമാണ് ഈ മണികളുടെ വില.

സിനിമകളില്‍ കണ്ട് നമുക്ക് പരിചയമുള്ള നേപ്പാളിലെ പ്രസിദ്ധമായ ഗൂര്‍ഖാ കത്തിയും ഇവിടെയുണ്ട്. ഇതിനു പുറമേ രുദ്രാക്ഷമാലകള്‍, രുദ്രാക്ഷങ്ങള്‍, നേപ്പാളി തുണികള്‍, കാലിഗണ്ഡകി നദിയില്‍ നിന്ന് മാത്രം ലഭിക്കുന്ന പവിത്രമായി കരുതപ്പെടുന്ന സാലിഗ്രാം കല്ലുകള്‍ എന്നിവയും ഈ സ്റ്റാളിലുണ്ട്. സ്വര്‍ണത്തിന്റെ മാറ്റുനോക്കാന്‍ സാലിഗ്രാം കല്ലുകള്‍ ഉപയോഗിക്കും, ചില കല്ലുകള്‍ക്കുള്ളില്‍ ഭാഗ്യമുള്ളവര്‍ക്ക് ദൈവങ്ങളുടെ രൂപം കാണാനാവുമെന്നും ഇവര്‍ പറയുന്നു.