കാല്‍ക്കുട, മൂപ്പന്‍കുട, തൊപ്പിക്കുട… പഴമയുടെ കൗതുകംപേറുന്ന പനയോല കുടകളുമായി സര്‍ഗാലയിലെ പൈതൃകം പവലിയന്‍


ഇരിങ്ങല്‍: പഴയ സിനിമകളിലും ചില ഉത്സവങ്ങളിലും നമ്മള്‍ കണ്ട് മറന്ന പനയോല കുടകള്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലെ കൗതുകക്കാഴ്ചകളാവുന്നു. പയ്യന്നൂര്‍ ഫോക് ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക് ലോര്‍ കള്‍ച്ചര്‍, ഐ.സി.സി.എന്‍ എന്നിവയുടെ നേതൃത്വത്തിലെ പൈതൃകം പവലിയനിലാണ് ഓലക്കുടകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

പനയോലകളില്‍ തീര്‍ത്ത കുടകളാണിത്. ഒറ്റത്തട്ടുള്ളതും രണ്ടുതട്ടുള്ളതും മൂന്നുതട്ടുള്ളതുമായി 25തരം ഓലക്കുടകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതൊന്നും പ്രദര്‍ശനത്തിനായി ഉണ്ടാക്കിയതല്ല, മറിച്ച് പഴയ കുടകള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ്.

ഇതെല്ലാം പഴയ കാലത്ത് വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരം വ്യത്യസ്തകള്‍ പേറുന്നവയാണ്. കായംകുളത്തെ ചില ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് ഉപയോഗിക്കുന്ന മൂന്ന് നിലയുള്ള കുട, പാലക്കാട് ജില്ലയില്‍ കൊയ്ത്തിനുശേഷം നടക്കുന്ന കാളകളിക്ക് പിടിക്കുന്ന കാളകളിക്കുട, കര്‍ഷകര്‍ കൃഷിപ്പണിയ്ക്കിടെ ഉപയോഗിക്കുന്ന തൊപ്പിക്കുട, പണ്ട് കാലത്ത് സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന മറക്കുട, ദെവക്കുട, കാലന്‍കുട, കാല്‍ക്കുട, മൂപ്പന്‍കുട, ആചാരക്കുട, വെളിച്ചപ്പാടന്‍കുട, കല്ല്യാണക്കുട എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് കുടകളുടെ പ്രദര്‍ശനം.