ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങള്‍….. അങ്ങനെ ഒരുപാട് പേര്‍; സര്‍ഗാലയയിലെ ആസ്വാദക മനംകവര്‍ന്ന ഈ ചുവര്‍ ചിത്രങ്ങളുടെ കഥയറിയാം
ഇരിങ്ങല്‍: മനോഹരമായ പൂക്കള്‍, ചെടികള്‍, ഭക്തി ജനിപ്പിക്കുന്ന ദൈവക്കോലങ്ങള്‍ മാഹി സ്വദേശി സുലോചനയുടെ സര്‍ഗാലയിലെ ഈ സ്റ്റാള്‍ നിറയെ ഏവരേയും ആകര്‍ഷിക്കുന്ന ചുവര്‍ ചിത്രങ്ങളാണ്. ഈചിത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ സുലോചന പറയും ‘ ഇതെല്ലാം എന്റെ കുട്ടികള്‍ വരച്ചതാണ്.’ ശിഷ്യന്മാര്‍ എന്നാണ് കുട്ടികള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. അതാകട്ടെ സമൂഹത്തിന്റെ വിവിധ തുറയില്‍പ്പെട്ട നിരാലംബരായ കുറേയേറെ മനുഷ്യരാണ്.
സുലോചനയെ സംബന്ധിച്ച് ചുമര്‍ചിത്ര രചന കലയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, വിധവകള്‍, ജയില്‍ പുള്ളികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് സൗജന്യമായി സുലോചന ചുവര്‍ചിത്ര രചയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കും. ചായവും വരയ്ക്കാനുള്ള ക്യാന്‍വാസുമെല്ലാം വാങ്ങി നല്‍കും. ഇതുപോലുള്ള പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം അവര്‍ക്ക് നല്‍കും.
2013 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിവാസികള്‍ക്കായാണ് ആദ്യമായി ചിത്രരചനാ പരിശീലനം തുടങ്ങിയത്. ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് അശോകന്‍ അരിപ്പയായിരുന്നു സുലോചനയ്ക്ക് മാര്‍ഗദര്‍ശിയായത്. മൂന്നുവര്‍ഷത്തെ പരിശീലനത്തിലൂടെ ജയിലില്‍ നിന്നും സമൂഹത്തിന് ഒരു ചിത്രകലാ അധ്യാപകനെ കിട്ടി. ഇപ്പോള്‍ തലശ്ശേരിയിലെ ക്യാന്‍സര്‍ സെന്ററിലുള്ള രോഗികള്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും മാഹിയിലെ ആശ്രയ സൊസൈറ്റിയുടെ കീഴില്‍ നിരവധി സ്ത്രീകള്‍ക്കും വിധവകള്‍ക്കുമെല്ലാം പരിശീലനം നല്‍കുന്നുണ്ട്.
ഈ ശിഷ്യരുടെ ചിത്രങ്ങളാണ് സുലോചന സര്‍ഗാലയില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഏറെയും. ചുവര്‍ ചിത്രങ്ങളുടെ പ്രചരണവും അതിലൂടെ തന്റെ കുട്ടികള്‍ക്ക് സാമ്പത്തിക നേട്ടവുമാണ് ഈ കലാകാരി ലക്ഷ്യമിടുന്നത്.
മാഹി പള്ളൂര്‍ സ്വദേശിയായ സുലോചന കക്കോട്ടിടത്തില്‍ വേലായുധന്‍ നമ്പ്യാരുടെയും രാജേശ്വരി അമ്മയുടെയും അഞ്ച് മക്കളില്‍ മൂത്തയാളാണ്. വടകര പഴങ്കാവ് കൊളക്കോട്ട് സുനില്‍ കുമാറിന്റെ ഭാര്യയാണ്. നര്‍ത്തകിയും ചിത്രകാരിയുമായ ശുഭശ്രീ ഏക മകളാണ്.
Summary: sargalaya-chuvarchithram-sulochana