അരിക്കുളത്തെ ശരണ്യയുടെ കവിതാസമാഹാരം ‘ഹൃദയ സ്പന്ദനങ്ങള്‍’ ഇന്ന് പ്രകാശനം ചെയ്യും


കൊയിലാണ്ടി: അരിക്കുളം കാരയാട് സ്വദേശി ശരണ്യ ആനപ്പൊയിലിന്റെ പ്രഥമാ കവിതാ സമാഹാരമായ ‘ഹൃദയ സ്പന്ദനങ്ങള്‍’ ന്റെ പ്രകാശനം മാര്‍ച്ച് ആറിന് നിര്‍വഹിക്കും. വൈകുന്നേരം മൂന്നുമണിക്ക് പൊലീസ് ക്ലബ്ബിലാണ് ചടങ്ങ് നടക്കുക. ഡോ.സോമന്‍ കടലൂരും, കവയിത്രി ആര്യ ഗോപിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുക.

പേരാമ്പ്രയിലെ സ്വകാര്യ കോളേജില്‍ ബീകോമിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെറിബ്രല്‍ അറ്റാക്‌സിയ രോഗ ലക്ഷണങ്ങള്‍ ശരണ്യയില്‍ കണ്ടു തുടങ്ങിയത്. ആദ്യം സംസാരത്തിലും എഴുത്തിലും തുടങ്ങിയ ബുദ്ധിമുട്ട് ക്രമേണ നടത്തത്തിലും കണ്ടു തുടങ്ങി. ഇതോടെ പഠനവും മുടങ്ങി. ലോകം പിന്നീട് വീട് മാത്രമായി. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്ന വരികള്‍ തന്റെ സ്വപ്നങ്ങളാണെന്ന് ശരണ്യ പറഞ്ഞു.

ഒറ്റപ്പെടലും, വേദനയും, സൗഹൃദം, പ്രണയം, രാഷ്ട്രീയം എന്നിവയെല്ലാം കവിതയ്ക്ക് വിഷയമായിട്ടുണ്ട്. അഞ്ച് വര്‍ഷമായി കവിതകള്‍ എഴുതാന്‍ തുടങ്ങിയിട്ട്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയില്‍ സ്ഥിരതാമസക്കാരനായ ചെങ്ങന്നൂര്‍ സ്വദേശിയായ വിജയ കുമാര്‍ നായരെന്ന വലിയ മനുഷ്യനാണ് കവിതകള്‍ പുസ്തക രൂപത്തിലാക്കാന്‍ സഹായിച്ചതെന്ന് ശരണ്യ പറഞ്ഞു.

കാരയാട് ആനപ്പൊയില്‍ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ. കാരയാട് എ.എല്‍.പി, കൊഴുക്കല്ലൂര്‍ എ.യു.പി, മേപ്പയ്യൂര്‍ എച്ച്.എസ്.എസ്,വാകയാട് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പ്ലസ്ടുവരെ പഠനം. പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് ചെയ്തു. ബീക്കോം രണ്ടാവര്‍ഷമെത്തിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ചികില്‍സകള്‍ പലതും ചെയ്തു. ഇപ്പോള്‍ ബംഗളൂര്‍ നിംഹാന്‍സിലാണ് ചികില്‍സിക്കുന്നത്.