പാലക്കാട്ടെ സഞ്ജിത്ത് വധക്കേസിലെ ഒളിവില്‍ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയില്‍


കോഴിക്കോട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി മുഹ്സിന്‍ മുനീറിനെയാണ് (23) പിടികൂടിയത്. ഇയാള്‍ കോഴിക്കോട് കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘത്തിന് കൈമാറി. വീട്ടില്‍ ഒളിച്ചു താമസിക്കാന്‍ സൗകര്യം ഒരുക്കിയതിന് ഇയാളുടെ സുഹൃത്തും വീട്ടുടമയുടെ മകനുമായ മൂസയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ഒരാളുടെ കോള്‍ ലിസ്റ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

2021 നവംബര്‍ 15നാണ് മമ്പറത്ത് ആര്‍.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്ത് പട്ടാപകല്‍ ഭാര്യയുടെ മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളുമായി പോലീസ് സംഘം തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇതില്‍ ഇഖ്ബാലുമായാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തുന്നത്.

പത്തിരിപ്പാല മണ്ണൂര്‍, മുണ്ടൂര്‍, കോങ്ങാട്, മേലാമുറി തുടങ്ങിയ സ്ഥലങ്ങളിലാകും തെളിവെടുപ്പ് നടക്കുക. പ്രതി ഉപയോഗിച്ച സ്‌കൂട്ടറും ആയുധവും ഇവിടങ്ങളില്‍നിന്ന് കണ്ടെടുക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.