നടുവണ്ണൂരില്‍ വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്നു വില്‍പ്പന; എം.ഡി.എം.എ യുമായി ബാലുശ്ശേരി സ്വദേശി പിടിയില്‍


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ വാടക റൂം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ യുവാവിനെ ബാലുശ്ശേരി റെയിഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. നന്മണ്ട ദേശത്ത് കയ്യാല്‍ മീത്തല്‍ അനൂപ് (41) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ 23.10.2024 ന് നടുവണ്ണൂര്‍ ടൗണിലെ വാടകമുറിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. .9.057 ഗ്രാം എം.ഡി.എം.എ യാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് വില്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് എക്‌സൈസ് പറഞ്ഞു.


പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാലുശ്ശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി ബേബിയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്)സജീവന്‍ എം, പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍ പി.എന്‍, പ്രിവന്റീവ് ഓഫീസര്‍ നൗഫല്‍ ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സോനേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ റഷീദ് ആര്‍.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജ ഇ ജോബ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.