പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
കൊയിലാണ്ടി: പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വെള്ളിലാട്ട് താഴെ ഉണ്ണികൃഷ്ണന് (53) ആണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വീടിന് സമീപത്തെ കടയിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വെള്ളിലാട്ട് അരുണ്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യയേയും മക്കളേയും മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നാണ് ഉണ്ണിക്കൃഷ്ണന് പറയുന്നത്. ഉണ്ണിക്കൃഷ്ണനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റത്. വീടിന്റെ ജനലുകളും ഉപകരണങ്ങളും തകര്‍ത്തിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉണ്ണിക്കൃഷ്ണന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ ഉണ്ണിക്കൃഷ്ണനാണ് ആദ്യം തങ്ങളെ അടിച്ചതെന്നാണ് അരുണ്‍ പറയുന്നത്. ഉണ്ണിക്കൃഷ്ണന്റെ വീടിന് സമീപത്തുള്ള കടയില്‍ നില്‍ക്കെ ഇയാള്‍ ഇത് ചോദ്യം ചെയ്യുകയും ദണ്ഡ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് തങ്ങള്‍ പ്രതിരോധിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്.
Summary: Complaint that the head of the house was attacked in Pantalayani