ചേലിയ സ്വദേശി ബിജിഷ ഓൺലൈൻ റമ്മി കളിച്ചത് വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണം വരെ പണയപ്പെടുത്തി; റമ്മിയെന്ന മരണക്കളിയിൽ പെട്ട് പോകരുതേ


 

കൊയിലാണ്ടി: ഓൺലൈൻ റമ്മി ലഹരിയാകുമ്പോൾ നഷ്ടമാവുന്നത് നാളുകളായി സ്വരൂപിച്ചു കൂട്ടിയ പണവും, സ്വപ്നങ്ങളും ജീവനുമൊക്കെയാണ്. ചേലിയ സ്വദേശി ബിജിഷയുടെ മരണത്തോടെയാണ് കൊയിലാണ്ടിക്കാർക്ക് ഇതിന്റെ ചതികുഴികളുടെ ആഴം കൂടുതലായി മനസ്സിലായി തുടങ്ങിയത്. വിവാഹത്തിനായി കരുതിവച്ച സ്വർണം പോലും പണയപ്പെടുത്തി റമ്മിക്കായി ബിജിഷ ചിലവിട്ടതോടെ റമ്മിയെന്ന കുരുക്കിന്റെ മൂർച്ച മനസ്സിലാക്കാവുന്നതേയുള്ളൂ.

കോവിഡ് രൂക്ഷമായിരുന്ന സമയത്താണ് ബിജിഷ റമ്മി കളിയിലേക്ക് എത്തുന്നത്. താരതമ്യേനെ എളുപ്പമായ ചില കളികളാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. ഇവയില്‍ വിജയിക്കുകയും ബിജിഷയ്ക്ക് പണം ലഭിക്കുകയും ചെയ്തിരുന്നു. പണം കയ്യിലെത്തിയതോടെ കളിയിൽ ഉത്സാഹവും കൂടി. തുടര്‍ന്ന് കൂടുതല്‍ പണം റമ്മി കളിക്കായി ബിജിഷ വിനിയോഗിക്കുകയായിരുന്നു.

ഗൂഗിള്‍ പേയും ഫോണ്‍പേയും പോലുള്ള യു.പി.ഐ ആപ്പുകള്‍ ബിജിഷ റമ്മി കളിക്ക് പണം നൽകാനായി ഉപയോഗിച്ചു. കളിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പ്രശസ്ത താരങ്ങൾ കൂടി എത്തിയതോടെ റമ്മിക്ക് വിശ്വസ്തത വർദ്ധിച്ചു.

പക്ഷെ പതിയെ പതിയെ തിരിച്ചടികൾ ലഭിക്കുകയായിരുന്നു. കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനനുസരിച്ച് കളിയില്‍ നിന്ന് പണം കിട്ടാതായി. പണം നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് കടം വാങ്ങാന്‍ തുടങ്ങിയത്. പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയതിന് പുറമെ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയും ബിജിഷ ലോണുകള്‍ എടുത്തിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഇരുപത് ലക്ഷം രൂപയോളം ബിജിഷയ്ക്ക് നഷ്ടപ്പെട്ടുവെന്നും രണ്ട് അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും കണ്ടെത്തി.

ഓണ്‍ലൈന്‍ ലോണുകള്‍ക്ക് ഈട് ആവശ്യമില്ല. പകരം ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്റ്റ് നമ്പറുകളും മറ്റ് വിവരങ്ങളും അവര്‍ ശേഖരിക്കുകയാണ് പതിവ്. ലോണെടുത്തതോടെ ബിജിഷയുടെ ഫോണിലെ എല്ലാ കോണ്ടാക്റ്റ് നമ്പറുകളും ലോണ്‍ നല്‍കിയവരുടെ കൈവശമെത്തി.

പിന്നീട് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലോണ്‍ നല്‍കിയവര്‍ ബിജിഷ തട്ടിപ്പുകാരിയാണെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കും മറ്റ് പരിചയക്കാര്‍ക്കുമെല്ലാം അയച്ചു. ഈ മെസേജുകളെല്ലാം അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചു.

കയ്യിലുള്ള പണവും സ്വര്‍ണ്ണം പണയം വച്ചും കടം വാങ്ങിയുമെല്ലാമുള്ള ഇരുപത് ലക്ഷം രൂപയിലേറെയാണ് ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിപ്പെട്ട് ബിജിഷയ്ക്ക് നഷ്ടമായത്. രണ്ട് കൊല്ലത്തോളമായുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ബിജിഷ കഴിഞ്ഞ ഡിസംബര്‍ 11 ന് ആത്മഹത്യ ചെയ്തത്.

മകളെ വീഴുത്തിയ റമ്മിയെന്ന ചതിക്കുഴിക്കുറിച്ച് ഇപ്പോഴും അച്ഛനും അമ്മയ്ക്കും വിശ്വസിക്കാനാകുന്നില്ല.

എന്നാൽ ഇതുകൊണ്ടൊന്നും ആരും ഇത് നിർത്തുന്നില്ല എന്നതാണ് ഏറെ ദുഖകരം. കേരളത്തില്‍ മാത്രം അടുത്തകാലത്തായി 20 പേരാണ് ഓണ്‍ലൈന്‍ ചുതാട്ടത്തിന്റെ പോരില്‍ ജീവന്‍ അവസാനിപ്പിച്ചത്. നമ്മുടെ നാട്ടിലും പല നിലയ്ക്കായി ഓണ്‍ലൈന്‍ റമ്മി പോലുള്ള കളികള്‍ വ്യാപിക്കുകയാണ്. ആരംഭത്തിൽ കയ്യിലെത്തുന്ന ചെറിയ തുകകളിൽ അവർ ആകൃഷ്ടരാകും. പക്ഷെ പിന്നീടങ്ങോട്ട് പണം നഷ്ടമായിക്കൊണ്ടേയിരിക്കും. താൻ പോലും അറിയാതെ പണം നഷ്ടമായിക്കൊണ്ടേയിരിക്കും. അങ്ങനെയാണ് ചേലിയ എന്ന ചെറിയ ഗ്രാമത്തിലുള്ള യുവതിക്ക് ഇരുപത് കോടിയിലധികം രൂപയുടെ ഇടപാടുകളുണ്ടാവുന്നത്.

റമ്മി കളിയെന്ന അധോലോകത്തിൽ വീഴാൻ പോകുന്നവരോട്, പണം മാത്രമല്ല ഒടുവിൽ ജീവൻ വരെ തട്ടിപ്പറിക്കാൻ വരെ ശക്തനാണ് ഈ മരണക്കളി… വീഴരുതേ ജീവൻ നഷ്ടപെടുത്തരുതേ.