ചോരക്കളമായി പാലക്കാട്; വെട്ടേറ്റ ആർ.എസ്.എസ് നേതാവ് മരിച്ചു


പാലക്കാട്: പാലക്കാട് വെട്ടേറ്റ ആർ എസ് എസ് നേതാവ് കൊല്ലപ്പെട്ടു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടേറ്റത്. സാരമായ പരുക്കേറ്റ ശ്രീനിവാസനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ശ്രീനിവാസന്റെ സ്ഥാപാനമായ എസ്കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച്‌ കയറിയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അഞ്ചു പേരാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റിരുന്നു. വാൾ ഉപയോഗിച്ച് വെട്ടിയെന്നാണ് ആളുകൾ പറയുന്നത്.

കൊല്ലപ്പെട്ട ശ്രീനിവാസൻ


പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയുന്നതിന് മുൻപാണ് വീണ്ടും ഒരാൾ കൂടി മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയാണ് രണ്ടു കൊലപാതകങ്ങളും സംഭവിച്ചത്.

ഇന്നലെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് ജില്ലയിൽ കനത്ത സുരക്ഷാ ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് വീണ്ടും കൊലപാതകം നടന്നത്.