പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു; നില അതീവ ഗുരുതരം
പാലക്കാട്: പാലക്കാട് ആർ.എസ്.എസ് നേതാവിന് വെട്ടേറ്റു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം. സാരമായ പരുക്കേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ശ്രീനിവാസന്റെ സ്ഥാപാനമായ എസ്കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. ബൈക്കിലെത്തിയ അഞ്ചു പേരാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നലെയാണ് ജില്ലയില്‍ എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയത്. 24 മണിക്കൂർ തികയുന്നതിന് മുൻപാണ് വീണ്ടും കൊലപാതകശ്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില്‍ തന്നെയായിരുന്നു അക്രമം. സുബൈറിന്റെ കൊലപാതകത്തില്‍ നിന്നുണ്ടായ പ്രകോപനമാണ് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.