കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് അക്രമം; ഒരാള്‍ കൂടി പോലീസ് പിടിയില്‍
കൊയിലാണ്ടി: കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ അമൽ ബാൽ ആണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സംഭവത്തില്‍ കൊല്ലം വിയ്യൂര്‍ അട്ടവയല്‍ സ്വദേശിയായ മനുലാലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ സൽക്കാരം നടക്കുന്ന കൊല്ലം ഗായത്രി ഓഡിറ്റോറിയയത്തിലേക്ക് നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങളുമായി ആർഎസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചത്.
അക്രമണത്തില്‍ ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടിറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വൈശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈശാഖ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
കൊയിലാണ്ടി സിഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പി.എം ശൈലേഷ്, അനീഷ് വടക്കയില്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂട്ടുപ്രതികളായ സന്ദീപ്, അരുണ്‍ ലാല്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അക്രമത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെത്ത് വിയ്യൂര്‍, കൊല്ലം മേഖലയില്‍ രാത്രിയും പകലും കനത്ത പോലീസ് പട്രോളിംഗാണ് നടക്കുന്നത്. വാഹനങ്ങളും ശക്തമായി പരിശോധിക്കുന്നുണ്ട്. കൊയിലാണ്ടി പോലീസിന്റെ സമർത്ഥമായ അന്വേഷണമാണ് അക്രമിസംഘത്തിലെ രണ്ടു പേരെ വളരെ പെട്ടെന്നുതന്നെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്.