കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന ആർ.എസ്.എസ് ആക്രമണത്തിൽ വ്യാപക പ്രതിഷേധം; സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം, സ്ഥലത്ത് വൻ പോലീസ് സന്നാഹം


കൊയിലാണ്ടി: കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സി.പി.ഐ.എം ഏരിയാ കമ്മിറ്റി മെമ്പര്‍ എന്‍.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

സ്ഥലത്ത്‌ ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം വിന്യസിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൊല്ലത്ത് മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുകയാണ്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന്റെ കവാടത്തിന്റെ മുമ്പില്‍ വച്ച് ഇന്നലെ രാത്രി 9മണിയോടെയായിരുന്നു ആര്‍.എസ്.എസ് അക്രമണം. വിവാഹസല്‍ക്കാരത്തിനെത്തി തിരിച്ചു പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടിറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുമ്പിലേക്ക്‌ മാരകായുധങ്ങളായ നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നിവയുമായി എത്തിയ അക്രമി സംഘം പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഷിജിത സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി മെമ്പര്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. അനുഷ, സി.കെ ഹമീദ്, ദിനൂപ്, അജീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.