ഇന്ത്യയ്ക്കായി ബാറ്റേന്താന്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹന്‍; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യ എ ടീമില്‍ രോഹന്‍ എസ്. കുന്നുമ്മലും


കൊയിലാണ്ടി: ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ഇടം പിടിച്ചു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസിലാന്റിനും ബംഗ്ലാദേശിനുമെതിരായ ഏകദിന ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 29 നും ഡിസംബര്‍ ആറിനുമാണ് ഇന്ത്യ എ ടീമും ബംഗ്ലാദേശ് എ ടീമും തമ്മിലുള്ള നാല് ദിന പോരാട്ടം അരങ്ങേറുക. ബംഗ്ലാദേശിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ബാറ്ററാണ് രോഹന്‍ എസ് കുന്നുമ്മല്‍. ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, മുഷ്താഖ് ട്രോഫി തുടങ്ങിയ ടൂര്‍ണ്ണമെന്റുകളില്‍ മികവാര്‍ന്ന പ്രകടനത്തിലൂടെ രോഹന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കോവിഡിന് ശേഷം നടന്ന രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി, ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി, വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് സെഞ്ച്വറി നേട്ടം, മുഷ്താഖ് അലി ടി-20 മത്സരങ്ങളിലെ മികച്ച പ്രകടനം എന്നിവയെല്ലാം രോഹന്‍ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടികയില്‍ ചിലതാണ്. കേരളം അടുത്തിടെ നേടിയ മികച്ച വിജയങ്ങള്‍ക്കെല്ലാം അടിത്തറ പാകിയത് രോഹന്റെ കിടിലന്‍ ബാറ്റിങ്ങായിരുന്നു.

Summery: Koyilandy native Rohan S Kunnummal Selected in India A team against four day test cricket match against Bangladesh A team, BCCI announced.