കൊമ്പനാണേ, വമ്പനാണേ, തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്‍; ഇനി ഉത്സവത്തിന് റോബോട്ട് ആനയും, തൃശ്ശൂര്‍ ഇരിഞ്ഞാടപ്പള്ളി ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പന്‍ രാമന്‍


തൃശ്ശൂര്‍: ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി, കല്ലേറ്റുംകര ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമന്‍ തിടമ്പേറ്റി. കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്.

മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമന്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ഒറ്റനോട്ടത്തില്‍, ജീവനുള്ള ആനയെ നിര്‍ത്തി ഉത്സവം നടക്കുന്ന പ്രതീതി. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേര്‍ ആനപ്പുറത്തേറി.

ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആനയെ ഒരു ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി തിടമ്പ് നല്‍കുന്നത്. ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്.

11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാന്‍ സാധിക്കും. ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആന പ്രവര്‍ത്തിക്കുന്നത് ട്രോളിയിലാണ് ആന സഞ്ചരിക്കുന്നത്.