കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം; കടംവീട്ടിയ അഞ്ച് ലക്ഷം രൂപയും വില്ല്യാപ്പള്ളി സ്വദേശിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; താഹ മുസ്‌ലിയാരുടെ അറസ്റ്റില്‍ ഞെട്ടി വിശ്വാസികള്‍


കൊയിലാണ്ടി: എ.ടി.എമ്മില്‍ നിക്ഷേപിക്കാനെടുത്ത പണം കവര്‍ന്നതായി വ്യാജ പരാതിയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെടുത്തു. പദ്ധതിയുടെ മുഖ്യ സൂത്രധാരനും ഖത്തീബുമായ താഹ വില്ല്യാപ്പള്ളി സ്വദേശിയ്ക്ക് കടംവീട്ടിയ അഞ്ച് ലക്ഷം രൂപയാണ് കണ്ടെടുത്തത്. നേരത്തെ താഹ വില്ല്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളില്‍ ഒളിപ്പിച്ച 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തിയാണ് പണം കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ മറവില്‍ ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ സോഷ്യല്‍ മീഡിയ വഴി ബോധപൂര്‍വ്വമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും താല്‍ക്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാന്‍ ആവില്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പള്ളി ഖാസി അവധിയില്‍ ആയതിനാല്‍ അദ്ദേഹമാണ് താഹയെ ചുമതലയേല്‍പ്പിച്ചത്. അതുകൊണ്ടുതന്നെ പള്ളി കമ്മിറ്റിക്ക് കൂടുതല്‍ അറിയില്ലെന്നും മഹല്ല് പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.

നന്തി കോടിക്കല്‍ സ്വദേശിയാണ് താഹ. താഹയ്ക്ക് പുറമേ കേസില്‍ പരാതിക്കാരന്‍ കൂടിയായ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരന്‍ പയ്യോളി സ്വദേശി സുഹൈലും കോടിക്കല്‍ സ്വദേശിയും ചെരണ്ടത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയുമായ യാസിറും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ കൂടി പൊലീസ് പിടിയിലുണ്ടെന്നാണ് വിവരം.

ശനിയാഴ്ച പകലാണ് സംഭവം. യാസറും താഹയും ഓടിച്ചുവന്ന കാറിലേക്ക് അരിക്കുളം കുരുടിമുക്കില്‍വച്ച് സുഹൈല്‍ പണം കൈമാറുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍ വന്ന കാറിലേക്ക് മുളകുപൊടി വിതറി. പിന്നീട് കാട്ടിലപ്പീടികയില്‍ കാറില്‍ ബന്ദിയാക്കപ്പെട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. സുഹൈലിന്റെ തുടക്കം മുതലുള്ള മൊഴിയില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഫോണും പല സ്ഥലങ്ങളിലുള്ള കാമറകളും പരിശോധിച്ചാണ് കേസ് തെളിയിച്ചത്. ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ്, സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ്.ഐ ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സംഭവം നടന്നതിന്റെ തലേന്ന് ഏജന്‍സി ഉടമയുടെ കാര്‍ഡുപയോഗിച്ച് 62 ലക്ഷം രൂപ സുഹൈല്‍ വിവിധ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ 72,40,000 രൂപ നഷ്ടപ്പെട്ടുവെന്ന് സുഹൈല്‍ നല്‍കിയ പരാതിയിലും എടിഎം ഏജന്‍സി നല്‍കിയ പരാതിയിലും പറയുന്നു. പ്രതികളെ മെഡിക്കല്‍ പരിശോധനക്കുശേഷം കൊയിലാണ്ടി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Summary:Robbery drama in Koyilandy; Five lakh rupees were also recovered from the house of a native of Villyapally