നമ്മുടെ വിലപ്പെട്ട സമയമാണ് റോഡില്‍ ദിവസവും വെറുതെ പാഴാകുന്നത്…. ബ്ലോക്കൊഴിയാതെ വെങ്ങളം മുതല്‍ പൂക്കാട് വരെയുള്ള ഭാഗം; കാല്‍നട യാത്രക്കാര്‍ക്ക് പോലും കടന്നുപോകാനാവാത്ത സ്ഥിതി, ദേശീയപാത പ്രവൃത്തിയുടെ മെല്ലപ്പോക്ക് യാത്രിക്കാര്‍ക്ക് തീരാദുരിതമാകുന്നു


കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം മുതല്‍ പൂക്കാട് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. രാവിലെ തുടങ്ങുന്ന ഗതാഗതക്കുരുക്ക് രാത്രിവൈകിവരെ തുടരുന്ന സ്ഥിതിയാണിപ്പോള്‍. തിരുവങ്ങൂരില്‍ നിന്നും പൂക്കാടേക്ക് വരുന്ന വഴി സര്‍വ്വീസ് റോഡ് വണ്‍വേ ആയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ഇവിടെ മൂന്നുമീറ്റര്‍ മാത്രമാണ് റോഡിന് വീതിയിലുള്ളത്. വലിയ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഒരു മീറ്റര്‍ വീതിയില്‍ ഡ്രൈനേജ് സ്ലാബുകള്‍ കൂടി സര്‍വ്വീസ് റോഡിന്റെ ഭാഗമായുണ്ടെങ്കിലും ഇതുവഴി കടന്നുപോകുന്നത് അപകടകരമാണ്. വാഹനങ്ങള്‍ കയറുമ്പോള്‍ സ്ലാബുകള്‍ പൊട്ടുന്ന സ്ഥിതിയുണ്ട്. ഇതിനകം മൂന്നിടങ്ങളില്‍ സ്ലാബ് പൊട്ടിയിട്ടുണ്ട്.

തിരുവങ്ങൂരില്‍ നിന്ന് വെങ്ങളത്തേക്ക് പോകുന്ന ഭാഗത്തെ സര്‍വ്വീസ് റോഡിന്റെ സ്ഥിതിയും ഇതുതന്നെ. ഇവിടെ റോഡ് ഇടിഞ്ഞുവീണ് വലിയ വാഹനങ്ങള്‍ കുഴിയില്‍പ്പെട്ടുപോകുന്ന അവസ്ഥയാണ്. സര്‍വ്വീസ് റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടയിടത്ത് മെറ്റല്‍ വെറുതിട്ട് കുഴി നികത്തുകയാണ് ചെയ്തത്. വാഹനങ്ങള്‍ പോകുമ്പോള്‍ ഈ മെറ്റല്‍ റോഡിലേക്ക് പരന്ന് ചെറുവാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്.


ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ മെല്ലെപ്പോക്കാണ് ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. പല ഭാഗത്തും വളരെ മന്ദഗതിയിലാണ് പ്രവൃത്തി നീങ്ങുന്നത്. നേരത്തെ മഴയല്പം കുറഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികളുടെ വേഗം കൂടിയിരുന്നില്ല. പയ്യോളി, തിരുവങ്ങൂര്‍ ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്നതില്‍ നിന്നും വലിയ പുരോഗതിയൊന്നും ദേശീയപാതയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടില്ല. മഴയില്ലാത്തപ്പോള്‍ അസഹനീയമായ പൊടിശല്യവും അതുകാരണമുള്ള ഗതാഗത ബുദ്ധിമുട്ടുകളുമാണെങ്കില്‍ മഴയുള്ളപ്പോള്‍ വെള്ളക്കെട്ടും ചെളിയും കാരണമുള്ള ഗതാഗതക്കുരുക്കാണ്.

ദേശീയപാതയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ ഇന്ന് എം.എല്‍.എ നിയമസഭയില്‍ ഉന്നയിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ എന്നിരിക്കെ വെങ്ങളം മുതല്‍ മൂരാട് പാലം വരെയുള്ളയിടങ്ങളില്‍ അഞ്ച് മീറ്റര്‍ പോലും സര്‍വ്വീസ് റോഡിന് വീതിയില്ലാത്ത ഇടങ്ങളുണ്ടെന്നും എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ എം.എല്‍.എയുടെ നടപടി ആശ്വാസകരമാണ്. എന്നാല്‍ ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനും പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.