പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു


റിനീഷ് തിരുവള്ളൂർ

നീ ആ പൂവ് എന്ത് ചെയ്തു?

ഏത് പൂവ്?

ഞാൻ തന്ന രക്തനക്ഷത്രം പോലെ
കടും ചുവപ്പ് നിറമാർന്ന ആ പൂവ്.

ഓ അതോ.

ആ അതുതന്നെ.

തിരുവനന്തപുരത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച ഷാരോണും, കേസിലെ പ്രതി ഗ്രീഷ്മയും


തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ.

അങ്ങനെ ചെയ്തെങ്കിലെന്ത്?

ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു.

(പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ)

പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽ കഥ കൂടി അറിയണം

നാരായണി: എന്നെ ഓർക്കുമോ?

ബഷീര്‍ അത് കേള്‍ക്കാത്തമട്ടില്‍, ”ഇനി റോസാച്ചെടികള്‍ വേണോ? ഇവിടെ ഒരുപാടൊണ്ട്.”

അവള്‍, ”വേണ്ട. തന്നതില്‍ നിന്ന് ഞാനൊരു പൂങ്കാവനമുണ്ടാക്കിത്തുടങ്ങി. ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?”

ബഷീര്‍, ”പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ.”
ഒന്നാലോചിച്ചിട്ട് ചേര്‍ത്തു, ”ഞാനായിരിക്കും ആദ്യം മരിക്കുന്നത്.”

കണ്ണൂരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയും, പ്രതി ശ്യാംജിത്തും


അവള്‍, ”അല്ല ഞാനായിരിക്കും. എന്നെ ഓര്‍ക്കുമോ?”

ബഷീര്‍, ”ഓര്‍ക്കും.”

അവള്‍, ”എങ്ങനെ? എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്‍ക്കും?”

ബഷീര്‍, ”നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.”

അവള്‍, ”ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?”

ബഷീര്‍, ”നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകള്‍! മതിലുകള്‍! നോക്കൂ ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു.”

അവള്‍, ”ഞാനൊന്നു പൊട്ടിക്കരയട്ടേ?”

ബഷീര്‍, ”ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ.”

കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിഥിനമോളും കേസിലെ പ്രതി അഭിഷേകും


ജയിലിലെ മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ആനന്ദകരമായ പ്രണയം സാധ്യമാക്കിയ ബഷീറിനെ ഓർക്കാനുള്ള സമയം പ്രണയിച്ച് തടവിലായ കൊലപാതകികൾക്ക് ഇനി ധാരാളം സമയം ഉണ്ടല്ലോ. തടവുകാരിയുടെ ശബ്ദംമാത്രം കേട്ട് പ്രണയിക്കുന്ന ബഷീർ എന്ന രാഷ്ട്രീയത്തടവുകാരൻ്റെ കഥ അറിയാനുള്ള സമയം. അനേകായിരം പ്രണയത്തെ, കാമുകീ കാമുകന്മാരെ അറിയാനുള്ള സമയം.

കൊലപാതികളേ, നിങ്ങൾക്കായി മറ്റൊരു ജീവിതകഥ കൂടിയുണ്ട് മലയാളത്തിൽ

ജീവിതത്തിൽ പരസ്പരം കാണാതെയും കേൾക്കാതെപോലും പ്രണയിച്ച രണ്ടുപേരുണ്ട് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ. സഖാവ് കൃഷ്ണപിള്ളയും തങ്കമ്മയും. സഖാവ് പി കൃഷ്ണപിള്ള ജയിലിൽ കഴിയുമ്പോഴാണ് തങ്കമണിയെ പ്രണയിച്ചത്. അയ്യൻപിള്ള എന്ന പൊലീസുകാരൻവഴി ജയിലിലെത്തിച്ച ഹിന്ദി പുസ്തകങ്ങളുടെ പുറംചട്ടയിൽ ഒളിപ്പിച്ച ഹിന്ദി കുറിപ്പുകളിലൂടെയാണ് കൃഷ്ണപിള്ളയും തങ്കമ്മയും പരിചയപ്പെട്ടതും പ്രണയിച്ചതും. തിരുവിതാംകൂറിലെയും മലബാറിലെയും സഖാക്കൾക്ക് കൈമാറാനുള്ള സന്ദേശങ്ങൾക്കൊപ്പം പ്രണയവും കൈമാറി. കാണാതെയും കേൾക്കാതെയുമുള്ള പ്രണയം, തീവ്രവും ഊഷ്മളവുമായ പ്രണയം.

കഥയിലെ ബഷീറും ജീവിതത്തിലെ കൃഷ്ണപിള്ളയും ജയിലിൽ രാഷ്ടീയ തടവുകാരായി വന്നതാണെന്ന് പ്രത്യേകമായി
ഓർമ്മിപ്പിക്കുകയാണ്.

തിക്കോടിയിൽ തീ കൊളുത്തി കൊല്ലപ്പെട്ട വിഷ്ണുപ്രിയയും കേസിലെ പ്രതി നന്ദുവും


ഇതിനിടയിൽ പ്രണയെത്തെ ദുരുദ്ദേശപരമായി ചിത്രീകരിക്കുന്ന പ്രേക്ഷകരോട് ഒരു അഭ്യർത്ഥനയുണ്ട്,
ദയവു ചെയ്തു പ്രണയത്തെ വില്ലൻ റോളിൽ ട്രോൾ മഴയത്ത് നിർത്തരുത്. പ്രണയം ഏറ്റവും മനോഹരമായ വികാരം തന്നെയാണ്. പിടിച്ചടക്കാനും അടിച്ചമര്‍ത്താനും പിടിച്ചു വാങ്ങാനും ഇല്ലാതാക്കാനുമെല്ലാമുള്ളതാണ് പ്രണയം എന്ന തോന്നലുകൾ അപകടകരമാണ്. ഓരൊരുത്തരുടേയും ചിന്തകളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്ന് അറിയുക. അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക. തിരികെ നടക്കാനും മാറ്റിച്ചിന്തിക്കാനും മുറ്റുള്ളവരെ ആദരിക്കാനും പഠിക്കുക. ഓരോ അനുഭവങ്ങളും പാഠങ്ങളും അതിനുള്ളതാകണം.
സ്‌നേഹവും ആദരവും അവകാശങ്ങളും അംഗീകാരവുമൊക്കെ അടിച്ചമര്‍ത്തി പിടിച്ചു വാങ്ങേണ്ടതാണെന്ന് തെറ്റിദ്ധരിച്ച വികലമായ ചിന്തകൾ ഉടച്ചുവാർക്കണം.

“രണ്ട് പേർ തമ്മിൽ
ചുംബിക്കുമ്പോൾ
ലോകം മാറുന്നു”

ഒക്ടേവിയാ പാസിന്റെ വരികൾ ആവർത്തിക്കാൻ പ്രണയിതാക്കൾക്കാവട്ടെ,
പ്രണയം കരുതലാണ്, ഊര്‍ജ്ജമാണ്, ആഴത്തില്‍ അറിയലാണ്, ഊഷ്മളതയാണ്,
സർഗ്ഗാത്മകമായ ആവിഷ്ക്കാരമാണ്.


(സാമൂഹ്യക്ഷേമവകുപ്പിലെ ജീവനക്കാരനും വടകരയ്ക്കടുത്ത് തിരുവള്ളൂർ സ്വദേശിയുമാണ് ലേഖകൻ)