വിവിധ മത്സരങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും; റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കമായി


കോഴിക്കോട്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, ഐ.ടി മേള, പ്രവൃത്തി പരിചയ മേള, സയന്‍സ് മേള എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് നടക്കുന്നത്.

പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള മത്സരങ്ങളാണ് ഇന്ന് നടന്നത്. നാളെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനുള്ള മത്സരങ്ങള്‍ നടക്കും. മറ്റുമേളകളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ മത്സരങ്ങളാണ് ഇന്ന് പൂര്‍ത്തിയായത്. നാളെ നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ശാസ്‌ത്രോത്സവം സമാപിക്കും.

ഇന്ന് ഉച്ചയോടെ മത്സരങ്ങളെല്ലാം തന്നെ പൂര്‍ത്തിയായി. ഉച്ചയ്ക്ക് ശേഷം മൂല്യനിര്‍ണയവും വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവും നടക്കും.

ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായിരുന്നു. ഡി.ഡി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ വിഭാഗം എ.ഡി അപര്‍ണ, ഹയര്‍ സെക്കണ്ടറി വിഭാഗം എ.ഡി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ദുല്‍ഖിഫില്‍, എം.പി ശിവാനന്ദന്‍ മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദിര ടീച്ചര്‍, പ്രജില.സി, കെ.ഷിജു തുടങ്ങിയവര്‍ പരിപാടിയ്ക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു.