തമിഴ്‌നാട് വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂര്‍ ജനകീയ മുക്ക് സ്വദേശികള്‍
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചത് മേപ്പയ്യൂര്‍ ജനകീയ മുക്ക് സ്വദേശികള്‍. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.
ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ അവർ തിരിച്ചുവരുന്നതിന് മുന്നോടിയായി അവിടേക്ക് കുടുംബസമേതം പോയതായിരുന്നു ഇവർ. വരുംവഴി മധുര ക്ഷേത്രത്തിലേക്ക് പോകവേയായിരുന്നു അപകടം.
മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. പാറച്ചാലില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യയാണ് ശോഭന. പരേതനായ ബാലകൃഷ്ണന്റെ ഭാര്യയാണ് ശോഭ. ശോഭയുടെ മകന്‍ ഷിബിന്‍, മകള്‍ അശ്വതി, മകളുടെ ഇരട്ടകുട്ടികള്‍, മകന്റെ ഭാര്യ അഞ്ജലിയും കുട്ടിയുമടക്കം വാഹനത്തിലുണ്ടായിരുന്നു.