ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും; പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടവരില്‍ കോഴിക്കോട് സ്വദേശികളും


കോഴിക്കോട്: എറണാകുളം പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നവരില്‍ കോഴിക്കോട് സ്വദേശികളും. കോഴിക്കോട് പെരിങ്ങളം സ്വദേശി രാഹുലിനും കൂട്ടുകാര്‍ക്കുമാണ് ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും അനുഭവപ്പെട്ടത്.

എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്നവഴിയാണ് ഇവര്‍ മജിലിസില്‍ നിന്ന് ഭക്ഷണം കഴിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മന്തി മാത്രമാണ് ഹോട്ടലില്‍ നിന്ന് കഴിച്ചതെന്നും അപ്പോള്‍ കുഴപ്പമൊന്നും തോന്നിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ ചെമ്പ് എടുത്തതേയുള്ളൂവെന്നാണ് അവര്‍ പറഞ്ഞതെന്നും കഴിച്ച ശേഷം 12.30 ഓടെ ഛര്‍ദ്ദിയും ഓക്കാനവും തുടങ്ങുകയായിരുന്നുവെന്നും പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ചര്‍ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. എഴുപതോളം പേര്‍ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ചെറായി സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ആരോഗ്യാവസ്ഥ നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭ്യമാകും. ഹോട്ടലിലെ ഭക്ഷണസാധനങ്ങളില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയാല്‍ ഹോട്ടലിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. വിഷയത്തില്‍ പറവൂര്‍ പൊലീസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷം ഹോട്ടല്‍ ഉടമകളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ ആണ് പൊലീസിന്റെ തീരുമാനം.