സസ്യശാസ്ത്ര ലോകത്തിന് ഒരു പുതുസസ്യം കണ്ടെത്തി; അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടി കൊയിലാണ്ടി സ്വദേശിനിയായ ഗവേഷണ വിദ്യാര്‍ഥി ഋതുപര്‍ണ


കൊയിലാണ്ടി: സസ്യശാസ്ത്ര ലോകത്തിന് ശ്രദ്ധേയമായ സംഭാവന നല്‍കി കൊയിലാണ്ടി സ്വദേശിനി ഋതുപര്‍ണ.എസ്.ബി. കിഴക്കന്‍ ഹിമാലയത്തില്‍ നിന്നും ഋതുപര്‍ണയും അസോസിയേറ്റ് പ്രഫസർ ഡോ.വിനിത ഗൌഡയും കണ്ടെത്തിയ ഡിഡിമോകാര്‍പ്പസ് എന്ന സസ്യത്തിന്റെ പുതി സ്പീഷീസിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

കേരളത്തിലെ പഴയകാല ബോട്ടാണിസ്റ്റായിരുന്ന ജാനകിയമ്മയുടെ പേരാണ് ഈ സ്പീഷീസിന് നല്‍കിയിട്ടുള്ളതെന്ന് ഋതുപർണ പറഞ്ഞു. 19ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ജാനകിയമ്മയ്ക്ക് ഒരു സ്ത്രീയായതിന്റെ പേരില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചിരുന്നില്ല. അവരോടുള്ള ആദര സൂചകമായാണ് ഈ സ്പീഷീസിന് അവരുടെ പേര് നല്‍കിയിരിക്കുന്നത്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടുകൂടി ഭോപ്പാലിലെ ഐസറില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ഋതുപര്‍ണ. ഡിഡിമോ കാര്‍പ്പസ് എന്ന ചെടിയുടെ പോളിനേഷന്‍ ബയോളജിയാണ് പഠിക്കുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെടിയാണിത്. പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള ഹൈ റിസ്‌ക് പ്രദേശങ്ങളിലാണ് ഈ ചെടി കാണപ്പെടുന്നത്. ഗവേഷണത്തിനിടയിലാണ് ഈ ചെടിയില്‍ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത സ്പീഷീസിനെ ഋതുപര്‍ണ കണ്ടെത്തുന്നത്.  ഇതുമായി ബന്ധപ്പെട്ട ഋതുപര്‍ണയുടെയും വിനിതയുടെയും പ്രബന്ധം നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജൂലൈ 16ന് സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ലോക ബോട്ടണി കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. വരുംദിവസം തന്നെ അവര്‍ ഇതിനായി മാഡ്രിഡിലേക്ക് പോകും.

എന്‍.വി ബാലകൃഷ്ണന്റെയും കൊയിലാണ്ടി മുന്‍ നഗരസഭ ചെയർപേഴ്സണ്‍ കെ.ശാന്ത ടീച്ചറുടെയും മകളാണ് ഋതുപര്‍ണ. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ പഠനത്തിനുശേഷം ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. പാലാ അല്‍ഫോന്‍സാ കോളേജില്‍ ബിരുദവും മാര്‍ ഇവാനിയാസ് കോളേജില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയശേഷമാണ് ഗവേഷണ രംഗത്തേക്ക് തിരിഞ്ഞത്.