കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം, മുണ്ടിനീരിനെതിരെ കരുതിയിരിക്കാം, പ്രതിരോധിക്കാം


കോഴിക്കോട്: കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര്(മംസ്)ബാധ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയായി 1,572 പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാബ് പരിശോധനയുടെ ഭാഗമായി ലഭിച്ച കണക്കാണിത്. രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിവരങ്ങളും രേഖപ്പെടുത്തതാണ് ഇത്തരത്തില്‍ എണ്ണം കൂടാനുള്ള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

രോഗം ബാധിച്ച 1,572 പേരില്‍ 601 പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുണ്ടിനീരിനെതിരയെ വാക്സിന്‍ ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയില്‍ മുണ്ടിനീരിനെതിരായ വാക്സിന്‍ ഉള്‍പ്പെടുത്താതാണ് കാരണം.

മീസില്‍സിനും റൂബല്ലക്കും എതിരെയുള്ള എംഎംആര്‍ വാക്സിനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ മുണ്ടിനീര് കൂടി ഉള്‍പ്പെടുത്തിയ എംഎംആര്‍ വാക്സിന്‍ ലഭ്യമാണെങ്കിലും ഇതെടുക്കുന്നവര്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുണ്ടിനീര്

ഉമിനീര്‍ ഗ്രന്ഥികളെ(പരോട്ടിഡ് ഗ്രന്ഥികള്‍) ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അല്ലെങ്കില്‍ മുണ്ടിവീക്കം. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കേരളത്തില്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. 5-15 വയസിന് ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. വായുവിലൂടെ പകരുന്ന മുണ്ടിനീര് ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. കൃത്യമായി ചികിത്സിച്ച ഭേദമാക്കിയാല്‍ മുണ്ടിനീര് തലച്ചോറിനെ ബാധിക്കുകയും തുടര്‍ന്ന് എന്‍സഫലൈറ്റിസ് എ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍

കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാവുന്നത്. ചെറിയ പനിയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനുമൊക്കെ പ്രയാസം തോന്നുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍.

[mid5]

പ്രതിരോധം

രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. അസുഖം പൂര്‍ണായി മാറുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗികളായ കുട്ടികളെ സ്‌ക്കൂളിലും മറ്റും വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.