പേരാമ്പ്ര പൊതുമരാമത്ത് വകുപ്പിന്റെ നവീകരിച്ച വിശ്രമമന്ദിരവും ടൗണ്‍ ജംഗ്ഷന്‍ നവീകരണ പ്രവൃത്തിയും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ടൗണ്‍ ജംഗ്ഷന്‍ നവീകരണ പ്രവൃത്തിയുടെയും പേരാമ്പ്രയിലെ പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിന്റെ ഒന്നാം നിലയുടെയും ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് പ്രവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പേരാമ്പ്ര പട്ടണത്തിന്റെ നവീകരണത്തിന് നാലര കോടി രൂപയാണ് ചെലവഴിക്കുന്നത്. വിശ്രമ മന്ദിരത്തില്‍ ഒരു നിലയില്‍ കൂടി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി വിശ്രമ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് താമസിക്കാന്‍ നല്‍കിയതിലുടെ ഒരു കോടി രൂപയുടെ വരുമാനമുണ്ടായതായി മന്ത്രി പറഞ്ഞു.
എം.എല്‍.എ ടി.പി.രാമകൃഷണന്‍ അധ്യക്ഷത വഹിച്ചു. കെട്ടിട വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനിയര്‍ എ.മുഹമ്മദ്, നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ.ഹാഷിം എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം.റീന,ജില്ലാ പഞ്ചായത്തംഗം സി.എം.ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.ലിസി, പേരാമ്പ ഗ്രാമ പഞ്ചായത്തംഗം സി.എം.സജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി.വിശ്വപ്രകാശ് സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.സിന്ധു നന്ദിയും പറഞ്ഞു.