സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പ്രതിഷേധം ശക്തം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ പുറത്താക്കമെന്ന്‌ കെ.കെ രമ എംഎല്‍എ


വടകര: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തിനെ പുറത്താക്കണമെന്ന് കെ.കെ രമ എംഎല്‍എ. രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റിനിർത്താൻ വൈകുന്ന ഓരോ നിമിഷവും അപമാനിക്കപ്പെടുന്നത് ഭരണാധികാരികൾ മാത്രമല്ല, നികുതിപ്പണം നൽകിയും വരിനിന്ന് വോട്ട് ചെയ്തും ഈ നാട് ഇങ്ങനെ നിലനിർത്തുന്ന കേരളീയർ ഓരോരുത്തരുമാണെന്നുമാണ് എംഎല്‍എ പോസ്റ്റില്‍ പറയുന്നത്‌.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റിനിർത്താൻ വൈകുന്ന ഓരോ നിമിഷവും അപമാനിക്കപ്പെടുന്നത് ഭരണാധികാരികൾ മാത്രമല്ല, നികുതിപ്പണം നൽകിയും വരിനിന്ന് വോട്ട് ചെയ്തും ഈ നാട് ഇങ്ങനെ നിലനിർത്തുന്ന കേരളീയർ ഓരോരുത്തരുമാണ്.
സാമാന്യ ബുദ്ധിയുള്ള മനുഷ്യർ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ ഈ വിഷയത്തിലെ പ്രതികരണം.
“പരാതികൾ ഉണ്ടായാലേ കേസ് എടുക്കാനാവൂ ” എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ ഭരണഘടനാവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഹേമ കമ്മറ്റിക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഒരു വിലയുമില്ല എന്നാണോ മുഖ്യമന്ത്രി തന്നെ പറയുന്നത് ? ഭരണകൂടം ഏർപ്പെടുത്തിയ ഒരു കമ്മറ്റിക്ക് മുമ്പാകെ നടത്തിയ അതിജീവിതകളായ സ്ത്രീകൾ ഒരിക്കൽ കൂടി വിചാരണകളിലൂടെയും വിശദീകരണങ്ങളിലൂടെയും കടന്നു പോവണം എന്നത് എന്ത് ക്രൂരതയാണ് ?

ആ പ്രതികരണത്തിനേറ്റ ആദ്യത്തെ അടിയാണ് ഈ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ച രഞ്ജിത്തിനെതിരെ ബംഗാളി അഭിനേത്രിയായ ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തൽ.
നിസ്സഹായരായ ഇരകൾക്കും താരമൂല്യമുള്ള വേട്ടക്കാർക്കുമിടയിൽ ഒരു മധ്യസ്ഥത്തിന്റെ കോൺക്ലേവ് രൂപീകരിക്കാൻ കഴിയുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ ഉജ്ജ്വല പ്രക്ഷോഭങ്ങളാണ് അവരെ കാത്തിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കം ചെയ്യുക.
നിരുത്തരവാദപരമായ പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ മാപ്പു പറയുക.
ഹേമ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള നിഷേധാത്മക സമീപനങ്ങൾ സർക്കാർ തിരുത്തുക.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. നടിയുടെ ആരോപണത്തിന് പിന്നാലെ രഞ്ജിത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

Description: remove-ranjith-from-the-position-of-film-academy-chairmanship-kk-rama-mla.