‘കൊടും ചൂടില്‍ നിന്ന് ആശ്വാസം, കുളിക്കാം, നൂറ് രൂപ മാത്രം’ കൊയിലാണ്ടിയില്‍ നിന്നുള്ള ‘കുളിസീന്‍’ വൈറലാവുന്നു


കൊയിലാണ്ടി: പകല്‍ പത്തുമണിക്കുശേഷം കൊയിലാണ്ടി ബസ് സ്റ്റാന്റിലൂടെ അടുത്തെങ്ങാനും പോയിട്ടുണ്ടോ? സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി അല്പം നടക്കുമ്പോഴേക്കും വിയര്‍ത്തു കുളിക്കും, കൊടും ചൂടില്‍ ഇപ്പോള്‍ തളര്‍ന്നുവീഴുമെന്ന് തോന്നും. ഒരു ബക്കറ്റ് വെള്ളം കിട്ടിയാല്‍ തലയിലൂടെ ഒഴിക്കാനാഗ്രഹിക്കും. അത്തരം ആഗ്രഹങ്ങളുള്ളവര്‍ക്ക് കുളിക്കാന്‍ സൗകര്യം ലഭിച്ചാലോ? രസമായിരിക്കും അല്ലേ. ആ രസികന്‍ നിമിഷങ്ങള്‍ റീല്‍സിലൂടെ ചിത്രീകരിച്ച് വൈറലായിരിക്കുകയാണ് കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ പ്രവര്‍ത്തകര്‍.

ആര്‍ക്കും കുളിക്കാം, നൂറ് രൂപമാത്രം എന്ന് വിളിച്ചു പറഞ്ഞ് ബക്കറ്റ് വെള്ളവും മഗ്ഗുമായി ആളുകളെ കാത്തിരിക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ആന്‍സണ്‍ ജേക്കബിന്റെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച റീല്‍സ് ക്യാമറ ചെയ്തത് ജിത്തു കാലിക്കറ്റാണ്.

ഷിജിത് മണവാളന്‍, പ്രശാന്ത് ചില്ല, ആന്‍സന്‍ ജേക്കബ്, രഞ്ജിത് നിഹാര, മകേശന്‍ നടേരി, വിഷ്ണു എന്നിവരാണ് അഭിനയിച്ചത്. ഇപ്പോഴത്തെ കൊടും ചൂട് കണ്ടപ്പോഴാണ് ഇങ്ങനെയൊരു റീല്‍സ് ചെയ്യാമെന്ന ആശയം വന്നതെന്ന് ഷിജിത് മണവാളന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. റീല്‍സിന് വലിയ സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഷൂട്ട് ചെയ്ത റില്‍സില്‍ നിരവധി പൊതുജനങ്ങളും റിയലിസ്റ്റിക്കായി അഭിനയിച്ചു എന്നുള്ളതാണ് രസകരം. ചൂടിനെ അതിജീവിക്കാനുള്ള ഓപ്പണ്‍ കുളിക്ക് പ്രേക്ഷകശ്രദ്ധയേറെയാണ്.