ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല; നൊച്ചാട് തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍
നൊച്ചാട്: മുളിയങ്ങലിലെ തോട്ടില്‍ ഇരുപത്തിയാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. യുവതിയുടെ മൃതദേഹം അര്ധനഗ്നമായിരുന്നതും ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമെല്ലാം സംശയം ജനിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
വാളൂര്‍ സ്വദേശി അനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വാളൂരിലെ വീട്ടില്‍ നിന്നും മുളിയങ്ങലിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു അനു. എന്നാല്‍ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ പുല്ലരിയാനെത്തിയവരാണ് അല്ലിയോറ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്തുനിന്ന് അനുവിന്റെ പേഴ്സും മൊബൈല്‍ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.
കാലുതെന്നി വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്ന സാധ്യത ബന്ധുക്കള്‍ പാടി തള്ളി. തോട്ടില്‍ മുട്ടിന് താഴെ വെള്ളം മാത്രമാണുണ്ടായിരുന്നത്. ചെയിനും പാദസരവും അടക്കം ആഭരണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു. ഇതെവിടെയെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. മുങ്ങി മരണമാണെന്നും ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.