‘തിരിച്ച് കമ്പനിയിലേക്ക് അയക്കുമെങ്കില്‍ മാത്രം ലീവ്, പാസ്പോര്‍ട്ട് പിടിച്ചുവച്ചു, മാനസിക പീഡനം’; ജീപാസ് കമ്പനിക്കെതിരെ ഒരുമാസം മുമ്പ് ദുബായില്‍ കാണാതായ അമലിന്റെ ബന്ധുക്കള്‍


കൊയിലാണ്ടി: ദുബൈയില്‍ ജോലിക്കായി ജീപപാസ് കമ്പനി കൊണ്ടുപോയ നന്തി സ്വദേശി അമല്‍ സതീഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കമ്പനി അധികൃതര്‍ അമലിനെ മാനസികമായി പീഡിപ്പിക്കുകയും ശരിയായി ഉറങ്ങാന്‍പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചിരുന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ഒക്ടോബര്‍ 20നാണ് നന്തി സ്വദേശി അമല്‍ സതീഷിനെ ദുബായില്‍ വച്ച് കാണാതാവുന്നത്. ദുബായ് സിറ്റിയിലെ ജീപാസ് ഷോറൂമിലെ ജോലിക്കാരനായിരുന്നു അമല്‍. വടകരയിലെ ജീപാസ് കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് അമല്‍ ദുബായിലെത്തുന്നത്.

ഇന്റര്‍വ്യൂ ടൈമില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം കൃത്യമായി ഉറക്കം പോലും ഇല്ലാതെ ശാരീരികവും മാനസികമായും അവശനായതായി അമല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോവാന്‍ കമ്പനിയോട് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടുവര്‍ഷത്തെ കരാര്‍ ഉള്ളതിനാല്‍ ലീവ് അനുവദിക്കാനാവില്ലെന്നാണ് കമ്പനി പറഞ്ഞത്. ഇതോടെ അമല്‍ മാനസികമായി തളര്‍ന്നെന്നും ബന്ധുക്കള്‍ പറയുന്നു.

അമലിന്റെ പിതാവ് സതീഷന്‍ കമ്പനി അധികൃതരുമായി സംസാരിച്ചതിന്റെ ഫലമായി ലീവ് കഴിഞ്ഞാല്‍ തിരിച്ച് ദുബായിലേക്ക് തന്നെ പറഞ്ഞയക്കാം എന്ന നിബന്ധനയില്‍ കമ്പനി ലീവ് അനുവദിക്കാമെന്ന് പറഞ്ഞു. ഒക്ടോബര്‍ 20-ന് നാട്ടിലേക്ക് അയക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചുവരാനായി പാസ്പോര്‍ട്ടിനായി അമല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഒക്ടോബര്‍ 20ന് അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമല്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.

ഇതിന് ശേഷം അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ഇതുവരെ ഒരുവിവരവും ഇല്ല. ജനപ്രതിനിധികളും പ്രവാസിസംഘടനകളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ അമലിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല.
Also Read: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ ദുബൈയിൽ നിന്ന് കാണാതായതായി പരാതി

അമലിനെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷതയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ആദ്ധ്യക്ഷം വഹിച്ചു. ആര്‍.പി.കെ.രാജീവ്കുമാര്‍, എം.കെ.മുഹമ്മദ്,അഷറഫ്, സിറാജ് മുത്തായം, പപ്പന്‍ മൂടാടി, പി.പി.കരീം, സതീഷന്‍, രാമചന്ദ്രന്‍ കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു.

ആക്ഷന് കമ്മിറ്റി ഭാരവാഹികള്‍:

സി.കെ.ശ്രീകുമാർ ചെയർമാൻ ,വാർഡ് മെമ്പർ എം.കെ. മോഹനൻ ജനറൽ കൺവീനർ,R.P.K.രാജീവ്കുമാർ ,അഷറഫ് ചിപ്പു കൺവീനർ,വി. ടി.വിനോദ് ,സിറാജ് മുത്തായം ജോഃകൺവീനർ,രാമചന്ദ്രൻ കൊയിലോത്ത് ട്രഷറർ