കിതാബ് ലിറ്ററേച്ചര്‍ ഫെസ്റ്റ്; ഏപ്രില്‍ 28,29,30 തീയ്യതികളില്‍ കൊയിലാണ്ടിയില്‍, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന കിതാബ് ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 28,29,30 തീയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഡോ. എം.ആര്‍. രാഘവ വാര്യര്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിജയരാഘവന്‍ ചേലിയക്ക് രജിസ്‌ട്രേഷന്‍ കൂപ്പണ്‍ നല്‍കി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം., യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍ അഷ്‌റഫ് കുരുവട്ടൂര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രദീപ് കണിയാരിക്കല്‍, കെ.ചിന്നന്‍ നായര്‍, ബാബു പഞ്ഞാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ഏപ്രില്‍ 28 ന് കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേജില്‍ നടക്കുന്ന കിതാബ് ഫെസ്റ്റ് മധുപാല്‍ ഉദ്ഘാടനം ചെയ്യും. 29,30 തിയ്യതികളിലായി കൊയിലാണ്ടി ജി.വി.എച്ച്.എസ് എസ്സില്‍ 23 പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യും. ബാവുല്‍ പാട്ടുകള്‍, കാവ്യോത്സവം, എം.ടി നിലയ്ക്കാത്ത ഓളങ്ങള്‍ ലൈറ്റ് ആന്‍ഡ് ഷേഡോ എന്നിവയും മൂന്ന് ദിവസങ്ങളിലായി നടക്കും.
ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍, ആത്രേയകം, ഞാന്‍ ഹിഡിംബി , ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ആനന്ദഭാരം, കാകപുരം, മറ്റൊരു മഹാഭാരതം, ഇവരും ഇവിടെ ജനിച്ചവര്‍, തൃക്കോട്ടൂര്‍ പെരുമ, പുള്ളിയന്‍, ബേത്തിമാരന്‍, പെണ്ണപ്പന്‍, കെടാത്ത ചൂട്ട്, കുമരു , അമ്മയുടെ ഓര്‍മ്മ പുസ്തകം, ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ, സെര്‍ട്ടോ ഏലിയോസ്, വെജിറ്റേറിയന്‍ , മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി, ഹാര്‍മോണിയം, കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് കവിതകള്‍ എന്നീ പുസ്തകങ്ങളാണ് ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്.
12 സെഷനുകളിലായി നടക്കുന്ന ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താക്കളും മോഡറേറ്റര്‍മാരും പങ്കെടുക്കും. 29 ന് വിദ്യാര്‍ഥികള്‍ക്ക് രചനാ ശില്പശാലയും 30 ന് നാടകശില്പശാലയും കിതാബ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.