ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്ന തൊഴിലുടമയാണോ? രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു അതിഥി തൊഴിലാളിപോലുമുണ്ടാവരുത്; ‘അതിഥി പോര്‍ട്ടല്‍’ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍


കൊയിലാണ്ടി: സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴിലുള്ള അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചിരിക്കുകയാണ്. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. http://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതാണ്. ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കും.