ഇനി നാട്ടിലെ മഴയുടെ അളവും കാറ്റിന്റെ വേഗവും അതിവേഗം അറിയാം; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകും


മേപ്പയ്യൂര്‍: പ്രാദേശിക കാലാവസ്ഥ അറിയാനുളള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനി മേപ്പയ്യൂരിലും. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ജ്യോഗ്രഫി പഠനം കൂടുതല്‍ രസകരവും എളുപ്പവുമാക്കാന്‍ ജ്യോഗ്രഫി വിഷയമുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സ്‌കൂളുകളില്‍ കാലാവസ്ഥാ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലകളിലെ ഓരോ ബി.ആര്‍.സിക്ക് കീഴിലും ഓരോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ മര്‍ദ്ദം എന്നിവ നിരീക്ഷിച്ച് ചാര്‍ട്ടില്‍ രേഖപ്പെടുത്തുക, തെര്‍മോമീറ്റര്‍, വൈറ്റ് ഡ്രൈ ബള്‍ബ് തെര്‍മ്മോ മീറ്റര്‍, വെഥര്‍ പോര്‍ കാസ്റ്റര്‍, മഴ മാപിനി, വിന്‍ഡ് വേവ്, വെഥര്‍ ഡാറ്റാ ബുക്ക്, ഡാറ്റാ ഡിസ്‌പ്ലേ ബോര്‍ഡ് തുടങ്ങീ പതിമൂന്ന് ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും സജ്ജീകരിക്കുന്നത്. പ്രാദേശികമായ കാലാവസ്ഥാ മാറ്റം നിര്‍ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇവ ഉപകരിക്കും.

കേന്ദ്രത്തിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നേതൃത്വം നല്‍കി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നല്‍കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളയിലൂടെ അനുവദിച്ച 52,000 രൂപ ഉപയോഗിച്ചാണ് മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, മേലടി ബി.പി.സി വി.അനുരാജ്, ബി.ആര്‍.സി ട്രെയിനര്‍ പി.അനീഷ്, പ്രിന്‍സിപ്പല്‍ ഷമീം മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ എച്ച്.എം.നിഷിദ്, അധ്യാപകരായ അനുഷ, സുഭാഷ്, സുധീഷ് എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.