സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായ വായന അനിവാര്യമെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ വായനാ വാരാഘോഷം


കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള വായനവാരാഘോഷം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ റിഹാൻ റാഷിദ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു.

സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായവായന അനിവാര്യമാണെന്ന് റിഹാൻ റാഷിദ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വായന മരണത്തിലേക്കല്ലെന്നും വായനയുടെ വസന്തകാലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പുസ്തകാസ്വാദനക്കുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനദാനം വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ നിർവ്വഹിച്ചു.

പിറന്ന നാടിനെയും നാടിൻ്റെ മഹത്വവും തിരിച്ചറിവുണ്ടാവുന്നതിനായി വിദ്യാർത്ഥികൾ നാട്ടുപൊലിമ എന്ന പേരിലൊരുരുക്കുന്ന ‘എൻ്റെ ഗ്രാമത്തിൻ്റെ കഥ’ എന്ന കയ്യെഴുത്തു മാഗസിൻ എൻ.എസ്.എസ് യൂണിറ്റ് ലീഡർ മാസ്റ്റർ അദ്വൈത് വിശദീകരിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിലൊരുക്കുന്ന “പുസ്തക തണൽ” എന്ന് പേരിട്ട പുസ്തകച്ചെപ്പ് പി.ടി.എ വൈസ് പ്രസിഡൻ്റ് ജയരാജ് പണിക്കർ വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു.

വി.എച്ച്.എസ്.ഇ ഓഡിറ്റോറിയത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് ജയരാജ് പണിക്കരുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി നന്ദിയും ഇഷ ഇസ്മയിൽ, ഷറഫുദ്ദീൻ പി, യൂനിറ്റ് ലീഡർ മാസ്റ്റർ അദ്വൈത് തുടങ്ങിയവർ ആശംസകളും നേർന്നു.