വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണം സൃഷ്ടിക്കുക മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ; മേപ്പയ്യൂര്‍ ഫെസ്റ്റിലെ വിദ്യാഭ്യാസ സെമിനാറില്‍ സി.രവീന്ദ്രനാഥ്


മേപ്പയ്യൂര്‍: വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍കരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുന്‍ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം – ഇന്നലെ, ഇന്ന് , നാളെ ‘ എന്ന ശീര്‍ഷകത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തില്‍ മത നിരപേക്ഷത ഇല്ലാതാവുന്നതോടെ നിലവിലുള്ള പൊതു വിദ്യാഭ്യാസ സമ്പ്രദായവും ഇല്ലാതാവും. കേരളീയ വിദ്യാഭ്യാസത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതിന്റെ ഫലമായാണ് ലോകത്തിന്റെ നെറുകയില്‍ കേരളമെത്തിയത്. 1957 ലെ ഇ.എം.എസ് സര്‍ക്കാറിന്റെ ഇടപെടലാണ് നമ്മുടെ വിദ്യാഭ്യാസത്തില്‍ പൊതുവല്‍കരണവും സാര്‍വത്രിക വല്‍കരണവും സൗജന്യവല്‍കരണവും ഉറപ്പിച്ചതെന്നും രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി.അബൂബക്കര്‍ മോഡറേറ്ററായി. ഗ്രാമ പഞ്ചായത്തംഗം വി.പി.ബിജു അധ്യക്ഷനായി. അഡ്വ. നജ്മ തബ്ഷീറ, എം.എം.സജീന്ദ്രന്‍, പി.സുധാകരന്‍, എ.സി.അനൂപ്, സറീന ഒളോറ എന്നിവര്‍ സംസാരിച്ചു.

‘ചെറുകിട വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന വ്യാപാരി സെമിനാര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ കമ്മന അധ്യക്ഷനായി. വ്യാപാരി സംഘടന നേതാക്കളായ ബാബു ഹാജി, സന്തോഷ് സെബാസ്‌ററ്യന്‍, എന്‍. സുഗുണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, നാരായണന്‍ എസ്‌ക്വയര്‍, ടി.കെ.സത്യന്‍ എന്നിവര്‍ സംസാരിച്ചു.

നാളെ (വ്യാഴം) അഞ്ചിന് വൈകീട്ട് ‘ലിംഗ സമത്വം, സാമൂഹ്യ നീതി, ജനാധിപത്യം’ എന്ന വിഷയത്തില്‍ സെമിനാറും രാത്രി 7 മണിക്ക് കുടുംബശ്രീ ഫെസ്റ്റും നടക്കും.