റേഷൻ വ്യാപാരികൾ സമരത്തിലേക്ക്; നവംബർ 19ന് റേഷൻ കടകൾ അടച്ചിടും


Advertisement

കോഴിക്കോട്: റേഷൻ വ്യാപാരികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ സർക്കാർ അനുവദിക്കണമെന്ന ആവശ്യവുമായി റേഷൻ വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധത്തിലേക്ക്. നവംബർ 19 ന് സംസ്ഥാനത്തെ റേഷൻകടകള്‍ അടച്ചിട്ടുകൊണ്ട് താലൂക്ക് കേന്ദ്രങ്ങളില്‍ ധർണാ സമരം നടത്തും.

Advertisement

കഴിഞ്ഞ രണ്ടുമാസമായി ജോലി ചെയ്ത കൂലി വ്യാപാരികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മിഷന്റെ പകുതി മാത്രമാണ് ലഭിച്ചത്. ഒരാഴ്ചയായി വാതില്‍പ്പടി കരാറുകാർ സമരത്തിലായതിനാല്‍ ഈ മാസം വിതരണം ചെയ്യാനുള്ള അരി ഉള്‍പ്പെടെ റേഷൻ വസ്തുക്കള്‍ കടകളിലില്ലാത്ത സ്ഥിതിയാണ്. കരാറുകാർക്ക് ആഗസ്റ്റ് മുതലുള്ള വേതനം ലഭിക്കാത്തിനാലാണ് സമരം ആരംഭിച്ചത്.

Advertisement

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ റേഷൻ വിതരണം അവതാളത്തിലാവും. കോംബിനേഷന്‍ ബില്ലിംഗ് സാദ്ധ്യമല്ലാത്തതിനാല്‍ പകരം അരി സ്റ്റോക്കുണ്ടായിട്ടും നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് റേഷൻ വ്യാപാരികള്‍. ഇതറിയാതെ കടകളിലെത്തുന്ന ഉപഭോക്താക്കള്‍ നിരാശയോടെ മടങ്ങേണ്ടിവരികയാണ്. റേഷന്‍ മേഖലയിലെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് വ്യാപാരികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.

ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനുവരി ആറാം തിയതി മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടു പോകുവാനും പ്രചരണ പരിപാടികള്‍ ആരംഭിക്കുവാനും റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

Summary: Ration traders to strike; Ration shops will be closed on November 19