സര്‍വര്‍ തകരാര്‍ കാരണം ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടു; സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുളള കാലാവധി നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തിലാണിത്.

രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധി ആയിരുന്നു. ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സെര്‍വര്‍ തകരാറിലാകാന്‍ കാരണം.

സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.