തുലാം പിറന്നു, ചിലമ്പൊലി ഉയര്‍ന്നു; എണ്‍പത്തിയഞ്ചാം വയസിലും പതിവ് തെറ്റിക്കാതെ വേഷം കെട്ടിയാടി ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍
കൊയിലാണ്ടി: ഉത്തരമലബാറുകാരെ സംബന്ധിച്ച് ദൈവങ്ങളുടെ പ്രതിരൂപങ്ങളാണ് തെയ്യങ്ങള്‍. ദൈവത്തില്‍ മനുഷ്യന്റെയും മനുഷ്യനില്‍ ദൈവത്തിന്റെയും അംശം പേറുന്ന രൂപം. എട്ടര പതിറ്റാണ്ട് നീണ്ട ജീവിതത്തിന്റെ പകുതിയിലേറെയും ചമയങ്ങളും ചിലമ്പൊലികളുമുള്ള ദൈവക്കോലത്തിലുള്ള ആട്ടം അതായിരുന്നു ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന് ജീവിതം.
ആനവാതില്‍ ചൂരക്കാട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകന്റെ വെളളാട്ട് കഴിഞ്ഞ 58 വര്‍ഷം കെട്ടിയാടിയതിന്റെ കരുത്തോടെയാണ് എണ്‍പത്തിയഞ്ചാം വയസില്‍ ഈ തുലാം എട്ടിന് നാരായണന്‍ പെരുവണ്ണാന്‍ ആടിയത്. അച്ഛനായ ചെറിയോണ്ണിയാണ് നാരായണന്റെ ഗുരു. പതിനഞ്ചാം വയസില്‍ തുടങ്ങിയതാണ് തെയ്യം കെട്ടാന്‍. പിന്നീട് ജീവിതത്തിന്റെ വലിയൊരളവും ഉത്സവ പറമ്പുകളിലും അമ്പലമുറ്റത്തുമൊക്കെയായിരുന്നു. ഓരോ ഉത്സവ സീസണിലും തൊണ്ണൂറോളം ക്ഷേത്രങ്ങളില്‍ കെട്ടിയാടും. കൂട്ടിന് സഹോദരങ്ങളും കൊച്ചുമക്കളുമെല്ലാം അടങ്ങുന്ന കുടുംബവുമുണ്ട്. കടുത്ത വ്രത നിഷ്ടയോടെയാണ് തെയ്യം കെട്ടിയാടുക.
2007ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഫോക് ലോര്‍ അവാര്‍ഡും 2018ല്‍ ഫോക് ലോര്‍ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2016-ല്‍ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ തെയ്യം അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ 54 ദേശീയ തലവന്മാര്‍ക്ക് മുന്നിലായിരുന്നു പ്രകടനം. സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടത്തിയ പരിപാടികളിലും അമേരിക്കയിലും സിംഗപ്പൂരിലും ദുബായിലുമൊക്കെ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്.
പ്രായത്തിന്റെ അവശതകളേതുമില്ലാതെ നാരായണന്‍ ചമയമണിയുമ്പോള്‍ അച്ഛന് കൂട്ടായി മക്കളായ പ്രജീഷും നിധീഷും കലാരംഗത്തുണ്ട്. ഇരുവരും അറിയപ്പെടുന്ന തെയ്യാം കലാകാരന്മാരാണ്. നിധീഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിലും മുഖത്തെഴുത്തിനും 2019ലെ ഫോക് ലോര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നാരായണന്‍ പെരുവണ്ണാന് പുറമേ സഹോദരങ്ങളും തെയ്യം പരിശീലിച്ചിട്ടുണ്ട്. സഹോദരങ്ങളായ രാഘവനും, ചന്തുക്കുട്ടിയും അറിയപ്പെടുന്ന തെയ്യം കലാകാരന്‍മാരായിരുന്നു. അവരുടെ മക്കളായ ശിവന്‍, ഷിംജിത്ത്, രാഹുല്‍,വിനോദ് എന്നിവരും തെയ്യംതിറ കലാകാരന്‍മാരാണ്. ചെറിയോണ്ണിയുടെ കുടുംബത്തിലെ അഞ്ചാം തലമുറ പോലും തെയ്യം അഭ്യസിക്കുന്നു. ഇപ്പോള്‍ നാരായണന്റെ ഈ കലാരൂപം പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്.