തണ്ട് പിളർന്ന് ‘അവതരിച്ച്’ കുല; കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കുലച്ച വാഴ കൗതുകമായി


കൊയിലാണ്ടി: ഹിരണ്യകശിപുവിനെ വധിക്കാനായി തൂണ് പിളർന്ന് അവതരിച്ച നരസിംഹത്തിന്റെ കഥ പുരാണങ്ങളിൽ നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ പിളർന്ന് അവതരിച്ച ഒരു സാധനമാണ് ഇപ്പോൾ കൊയിലാണ്ടിക്കാർക്ക് കൗതുകമാവുന്നത്. ഒരു വാഴക്കുല!

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിലാണ് കൗതുകമുണർത്തുന്ന വാഴക്കുല ഉണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ വാഴകൾ കൂമ്പിൽ നിന്നാണ് കുലയെടുക്കാറ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തണ്ട് പിളർന്നാണ് സ്കൂളിലെ വാഴയിൽ കുല ഉണ്ടായിരിക്കുന്നത്.

സാമാന്യം വലിപ്പമുള്ള നേന്ത്രവാഴയാണ് ഇത്. വാഴയുടെ ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ വച്ചാണ് തണ്ട് പിളർന്ന് കുല ‘അവതരിച്ചത്’. വിരിഞ്ഞ പൂവിന്റെ ആകൃതിയിലാണ് കുല എന്നതും ശ്രദ്ധേയമാണ്.

സ്കൂൾ കോമ്പൗണ്ടിൽ നിരവധി വാഴകൾ ഉണ്ടായിരുന്നു. ഇവ വെട്ടി മാറ്റിയതിന് ശേഷം വളർന്ന് വന്ന വാഴയിലാണ് കൗതുകക്കുല ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ നാട്ടുകാരും ഈ അപൂർവ്വ വാഴക്കുല കാണാനായി സ്കൂളിൽ എത്തുന്നുണ്ട്.