രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പറഞ്ഞ ജഡ്ജിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി; പേരാമ്പ്ര പന്തിരിക്കര സ്വദേശിയായ ഇരുപത്തിയാറുകാരന്‍ പിടിയില്‍


പേരാമ്പ്ര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താപിച്ച ജഡ്ജിനെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പന്തിരിക്കര ചങ്ങരോത്ത് സ്വദേശിയായ ആശാരി കണ്ടി മുഹമ്മദ് ഹാദി (26) ആണ് പിടിയിലായത്.

പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദാസ്.പി, സബ് ഇന്‍സ്‌പെക്ടര്‍ ഖദീജ.കെ, പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജ് പി.ജി.ശ്രീദേവിയെ വധിക്കണം എന്നുള്ളതായിരുന്നു പ്രതി നടത്തിയ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആണ് കേസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ സബ് ഇന്‍സ്‌പെക്ടര്‍ ഖദീജ.കെ കസ്റ്റഡിയില്‍ എടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.