പ്രാർത്ഥന: വിശ്വാസിയുടെ ആയുധം | റമദാൻ സന്ദേശം 20 – എം.പി.തഖിയുദ്ധീൻ ഹൈതമി


Advertisement

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

സത്യവിശ്വാസിയായ ഒരു മനുഷ്യനെ അവന്റെ സൃഷ്ടാവായ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ഒരു മാധ്യമമാണ് പ്രാർത്ഥന.തിരുനബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് :”പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്”.പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ പ്രാർത്ഥിക്കണം.ബദ്റിന്റെ രണാങ്കണത്തിൽ ആൾബലം കൊണ്ടും ആയുധബലം കൊണ്ടും ബലഹീനരായ മുസ്ലിം പക്ഷം പരാജയത്തിന്റെ വക്കിലെത്തിയപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ (സ) അവിടെ നിന്ന് പ്രാർത്ഥിക്കുകയുണ്ടായി.

“അല്ലാഹുവേ നിന്റെ സഹായം ഇവിടെ ലഭ്യമായില്ലെങ്കിൽ നിന്റെ പരിശുദ്ധമായ ദീൻ ഇതോടെ നിശ്ചലമായി പോകും. അതുകൊണ്ട് നീ ഞങ്ങളെ സഹായിക്കണേ” എന്ന്.അതുകാരണമായി അല്ലാഹു ബദ്ർ രണഭൂമികയിലേക്ക് വാനലോകത്ത് നിന്നും മലക്കുകളെ അയക്കുകയും പിന്നീട് ബദർ യുദ്ധം ചരിത്രത്തിൽ അത്ഭുതപൂർവ്വമായ വിജയം കൈവരിക്കുകയുമാണ് ചെയ്തത്.ഇവിടെ ഏറ്റവും വലിയ ആയുധമായി വർത്തിച്ചത് പുണ്യ റസൂൽ (സ) തങ്ങളുടെ പ്രാർത്ഥന ഒന്നു മാത്രമാണ്.

Advertisement

മഹാനായ സഅദ് (റ) അദ്ദേഹത്തിന്റെ മകൻ ദുആ ചെയ്യുന്നതായി കേട്ടു.’അല്ലാഹുവേ, സ്വർഗ്ഗത്തെയും അവിടെയുള്ള മുറികളെയും മറ്റു സുഖാഡംബരങ്ങളെയും നിന്നോട് ഞാൻ ചോദിക്കുന്നു.അതുപോലെതന്നെ നരകത്തെയും അവിടെയുള്ള അതിഭീതിതമായ ചങ്ങലക്കെട്ടുകളിൽ നിന്നുമെല്ലാം നിന്നോട് ഞാൻ കാവൽ തേടുകയും ചെയ്യുന്നു’.ഇതുകേട്ട പിതാവ് തൻ്റെ മകനോട് പറഞ്ഞു.”പ്രിയപ്പെട്ട മോനേ, നീ ഇത്രയൊന്നും ചോദിച്ചാൽ പോരാ, ഇനിയും അല്ലാഹുവിനോട് ഒരുപാട് നന്മയെ ചോദിക്കണം’.

Advertisement

പരിശുദ്ധ റമളാൻ രാപകലുകൾ പാപമോചനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്.പാപമോചനത്തിന്റെ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്താൻ എല്ലാവർക്കും കഴിയണം.തിരുനബി (സ) : പറയുന്നു ഒരു റമദാൻ അടുത്ത റമദാൻ വരെ സംഭവിക്കാവുന്ന വൻപാപങ്ങൾ ഒഴികെയുള്ള കുറ്റങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുന്നതാണ്.

Advertisement

നമ്മുടെ നിത്യജീവിതത്തിന്റെ കുറഞ്ഞ സമയമെങ്കിലും അല്ലാഹുവുമായി സ്വന്തം
കാര്യങ്ങൾ പറഞ്ഞു ഏകാന്തമായി ദുആ ചെയ്യുന്ന പതിവ് വിശ്വാസിക്കുണ്ടാവണം.അങ്ങനെ വരുമ്പോൾ നമ്മുടെ ജോലി,കുടുംബം,ഭവനം, സന്താനങ്ങൾ തുടങ്ങിയവയിൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് മാത്രമല്ല അതോടൊപ്പം തന്നെ മാനസികമായ സമാധാനം കൈവരിക്കാനും അത് കാരണമായിത്തീരും.”നിങ്ങൾ എന്നോട് ചോദിക്കൂ നിങ്ങൾക്ക് ഞാൻ ഉത്തരം നൽകാമെന്ന്” അല്ലാഹു തന്നെ വിശുദ്ധ ഖുർആനിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പരിശുദ്ധ റമദാൻ വിടപറയലിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.അല്ലാഹുവിന്റെ കാരുണ്യം, പാപമോചനം, നരകമോചനം തുടങ്ങിയവയെല്ലാം ചോദിക്കാനുള്ള അവസരമാണ് ഈ വിശുദ്ധ റമദാനിൽ ഉള്ളത്.അതുകൊണ്ടുതന്നെ നമുക്ക് വേണ്ടിയും നമ്മുടെ ബന്ധപ്പെട്ടവർക്ക് വേണ്ടിയുമെല്ലാം സ്വകാര്യ പ്രാർത്ഥനകളിൽ ഇടം കണ്ടെത്താൻ സത്യവിശ്വാസി ശ്രമിക്കേണ്ടതുണ്ട്.അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ-ആമീൻ.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…