മരണചിന്ത: ആരാധനകൾ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം | റമദാൻ സന്ദേശം 13 – എം.പി.തഖിയുദ്ധീൻ ഹൈതമി


Advertisement

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

നശ്വരമായ ദുനിയാവിലെ സുഖാനുഭൂതികളും ആഹ്ലാദങ്ങളുമെല്ലാം അവസാനിച്ച് ഒരു നിമിഷം മനുഷ്യൻ നിസ്സഹായനായി പോകുന്ന അവസ്ഥയാണ് മരണം.എപ്പോൾ,എവിടെ വെച്ച്, എങ്ങനെ മരിക്കുമെന്ന് ആർക്കും തന്നെയറിയില്ല.സത്യവിശ്വാസികൾ ഏതുസമയവും മരണസ്മരണ കൂടെ കൊണ്ടുനടക്കേണ്ടവരാണ്.മരണത്തെ സ്മരിക്കുക എന്നുള്ളത് ഏറെ പ്രതിഫലാർഹമായ കാര്യം കൂടിയാണ്.ആഇശ ബീവി (റ) നബി (സ) യോടു ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, രക്തസാക്ഷികളുടെ കൂടെ വല്ലവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമോ ?അതെ, രാപ്പകലുകളിൽ ഇരുപത് തവണയെങ്കിലും മരണത്തെ സ്മരിച്ചവരെ’ എന്നായിരുന്നു പ്രവാചകന്റെ മറുപടി.

Advertisement

മരണത്തെ സ്മരിക്കുക എന്നുള്ളത് ഏറെ പുണ്യകരമായ കാര്യമാണെന്ന് നാം പറഞ്ഞുവല്ലോ.അതുകൊണ്ടു തന്നെ മരണത്തെ ഓർക്കുന്ന വ്യക്തിയുടെ പ്രവർത്തനങ്ങൾ ഭയഭക്തിയോടെയായിരിക്കും ഭക്തിസാന്ദ്രമായ ആരാധനകൾ മാത്രമാണ് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമാവുക.ഇതിനാലാണ് മരണസ്മരണ ഇല്ലാത്തവന്റെ പ്രവർത്തനങ്ങൾക്ക് യാതൊരു ഫലവുമില്ല എന്ന് മഹാന്മാർ പറഞ്ഞത്.

Advertisement

മാത്രവുമല്ല, ഒരു വ്യക്തിയുടെ മനസ്സിൽ മരണചിന്ത സ്ഥിരമായിട്ടുണ്ടാവുകയാണെങ്കിൽ ഒട്ടുമിക്ക തെറ്റിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ അവന് സാധിക്കും.ചുരുക്കത്തിൽ, അല്ലാഹുവിനോടുള്ള ആരാധനകൾ മുറുകെ പിടിക്കാനും അവനെതിരായി പ്രവർത്തിക്കാതിരിക്കാനുമുള്ള ഒരേയൊരു മാർഗം മരണചിന്ത വർധിപ്പിക്കുക എന്നുള്ളതാകുന്നു.മഹാനായ ഉമറു ബ്നു അബ്ദുൽ അസീസ് (റ) ചില രാവുകളിൽ തന്റെ കൂട്ടുകാരായ പണ്ഡിതന്മാരെ ഒരുമിച്ച് കൂട്ടുകയും, എന്നിട്ടവർ പരസ്പരം മരണം , അന്ത്യനാൾ, ആഖിറം എന്നിവയെ കുറിച്ച് സംസാരിക്കുകയും ചെയ്യും.അവരുടെ മുമ്പാകെ ഒരു യഥാർത്ഥ മയ്യത്ത് ഉണ്ടെന്നുള്ളത് പോലെ കരഞ്ഞായിരുന്നു അവർ പിരിയാറുള്ളത്.

Advertisement

മഹാനായ ഇബ്നുൽ മഅഹദ് (റ) ഒരിക്കൽ മരണത്തെ ഓർത്തു വിലപിക്കുകയുണ്ടായി.അദ്ദേഹം പറഞ്ഞു: “തെറ്റ് ചെയ്തത് കാരണമായി അല്ലാഹു എന്നെ ഒരു കുളിമുറിയിൽ ധാരാളം വർഷം ബന്ദിയാക്കുമെന്ന് പറഞ്ഞാൽ ഞാൻ കരയാൻ അവകാശപ്പെട്ടവനാണ്.എന്നാൽ ഞാൻ ചെയ്ത തെറ്റുകൾക്കു കാരണമായി കത്തിയാളുന്ന നരകത്തിൽ കാലാകാലം ഇടുമെന്ന് അവന്റെ വേദഗ്രന്ഥത്തിൽ പറയുമ്പോൾ ഞാൻ എത്രമാത്രം പേടിച്ചു കരയേണ്ടതാണ്.

ഏതൊരു നിമിഷത്തിലും മരണചിന്ത കൊണ്ടു നടന്നവരാണ് നമ്മുടെ മുൻഗാമികൾ.എന്നാൽ ഒരു മരണാനന്തര ചടങ്ങുകളിൽ പോലും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയും, മൊബൈൽ ഫോൺ ഉപയോഗിക്കുകയും, കൂട്ടുകാരുമൊത്ത് തമാശകൾ പങ്കിടുകയും ചെയ്യുന്ന വ്യക്തികളെയാണ് ഇന്ന് നാം കാണുന്നത്.
മരണചിന്ത നാം അധികരിപ്പിക്കണം.അതിലൂടെ നമ്മുടെ ആരാധനാ കർമ്മങ്ങളിൽ കൂടുതൽ ആത്മാർത്ഥത കൈവരിക്കാൻ നമുക്ക് സാധിക്കും.


റമദാൻ സന്ദേശം മുൻ ഭാഗങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക…