കര്‍മ്മങ്ങളുടെ മര്‍മ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീന്‍ ഹൈതമി
ഏതൊരു കര്‍മ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്. ‘കര്‍മ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ’ എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം. വിശുദ്ധ റമദാന്‍ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്. നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല. റമദാന്‍ മാസത്തെ ഫര്‍ളായ നാളത്തെ നോമ്പിനെ ഞാന്‍ അനുഷ്ഠിക്കാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. വ്രതത്തിനുള്ള നിയ്യത്ത് പ്രഭാതോദയത്തിനു മുമ്പാണ് എന്നു പറഞ്ഞത് നിര്‍ബന്ധമായ വ്രതത്തില്‍ മാത്രമാണ്. അതേസമയം സുന്നത്തായ നോമ്പാണെങ്കില്‍ ഉച്ചയ്ക്ക് മുമ്പായി നിയ്യത്ത് കരുതിയാല്‍ മതി.
റമദാന്‍ പ്രതാരംഭത്തില്‍ തന്നെ ഈ മാസത്തെ മുപ്പത് നോമ്പും അനുഷ്ഠിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു എന്നു കരുതിയാല്‍ അത് ആദ്യത്തെ നോമ്പിന്റെ നിയ്യത്തായി പരിഗണിക്കുമെങ്കിലും, തുടര്‍ന്നുള്ള നോമ്പുകള്‍ക്ക് അത് ബാധകമല്ല എന്നാണ് നമ്മുടെ മദ്ഹബായ ശാഫിഈ വീക്ഷണം. എന്നാല്‍ ഇപ്രകാരം നിയ്യത്ത് കരുതിയാല്‍ ഏതെങ്കിലും ഒരു ദിവസത്തെ നിയ്യത്ത് മറന്നുപോയാല്‍ അത് പ്രശ്‌നമില്ലെന്നാണ് ഇമാം മാലികിന്റെ അഭിപ്രായം. നിയ്യത്ത് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ല, കരുതലോടെ കൂടെ തന്നെ നോമ്പ് സ്വീകാര്യയോഗ്യമാകുന്നതാണ്.
ഓരോ സല്‍കര്‍മ്മങ്ങള്‍ക്ക് മുമ്പും വിശ്വാസിയുടെ നിയ്യത്ത് ആത്മാര്‍ത്ഥമായിരിക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കുക എന്നതായിരിക്കണം ആത്യന്തികമായ ലക്ഷ്യം. അല്ലാതെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാവരുത്. എങ്കില്‍ മാത്രമേ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിഫല യോഗ്യമാവുകയുള്ളൂ. നല്ല ഉദ്ദേശ്യശുദ്ധിയോടെ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.