‘ഒരു പക്ഷേ അദ്ദേഹം ഈ ലോകത്തു നിന്ന് വിട പറഞ്ഞിട്ടുണ്ടാവാം, ആ പുഞ്ചിരി ഇന്നുമെന്റെ കണ്മുന്നിലുണ്ട്’; സെല്ലി കീഴൂർ എഴുതിയ ഓർമ്മക്കുറിപ്പ് വായിക്കാം


സെല്ലി കീഴൂർ

ബാല്യകാല ഓർമ്മകളാണ് തെളിമയോടെ മനസ്സിൽ നിൽക്കുന്നത്.

86-87 കാലയളവിൽ ഉപ്പ ഗൾഫിൽ നിന്ന് ലീവിന് വന്ന ഒരുനോമ്പ് കാലം.

ഉപ്പ കൊണ്ടു വന്ന സുഫ്ര (പച്ച കര ചുവന്ന നിറത്തിൽ) ലുങ്കിയും പൊകാറിസ്വീറ്റ് കോംപ്ലിമെന്റ് ബനിയനുമിട്ട് ജലീലിന്റെയും നൗഫലിന്റെയും മുൻപിൽ ഗമ കാട്ടി ഉപ്പാന്റെ പിന്നിൽ അനുസരണയുള്ള കുട്ടിയായ് ഞാൻ പള്ളിയിലേക്ക്…

നിസ്ക്കാരം കഴിഞ്ഞു ഞങ്ങൾ പള്ളിയിൽ നിന്ന് ഇറങ്ങാൻ നേരം പിന്നിലുള്ള സ്വഫിൽ (വരി) നിന്നും ഒരു ശബ്ദം..

“ഇബ്രാഹിം ഹാജ്യാരോ ഹാജ്യരുടെ വീട്ടിൽ നിന്നുള്ള ആരെങ്കിലും പള്ളിയിൽ ഉണ്ടോ? നോമ്പ് തുറക്കാൻ ഒരാളുണ്ട് ”

ഞാനും ഉപ്പയും ധൃതിയിൽ ആ ശബ്ദം കേട്ടിടത്തേക്ക് നടന്നു.

“അസ്സലാമു അലൈക്കും ”

“വ അലൈക്കും സലാം ”

മലപ്പുറത്തുള്ള കണ്ണു കാണാൻ പറ്റാത്ത ഒരു ഇക്കയായിരുന്നു അത്.

“നാട്ടിലുണ്ടായിരുന്നോ”

ഉപ്പയുടെ കരം കവർന്നയുടനെ അദ്ദേഹത്തിന് മനസ്സിലായി.

“അതെ വരൂ നമുക്ക് വീട്ടിലേക്കു പോവാം”

ഞാനും ഉപ്പയും കൂടെ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. പള്ളിയിൽ നിന്ന് കുറച്ചു ദൂരമേ ഉള്ളു എന്റെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ കൈ പിടിച്ച് ഞാൻ നടന്നു.

നടപ്പിനിടയിൽ ഉപ്പയും അവരും ഒരുപാട് വിശേഷങ്ങൾ പറഞ്ഞു. ഇടക്കൊക്കെ പുഞ്ചിരിച്ചു കൊണ്ട് എന്റെയും വിശേഷം അദ്ദേഹം തിരക്കുന്നുണ്ടായിരുന്നു.

“മോൻ എത്രേലാ പഠിക്കുന്നത്”

“അഞ്ചിൽ ” ഞാൻ പറഞ്ഞു.

“മദ്രസെലോ”

“അതും അഞ്ചിൽ” ഞാൻ വീണ്ടും പറഞ്ഞു.

“നല്ലോണം പഠിക്കണം കേട്ടോ”

“മ്മ്” എന്റെ മൂളൽ.

പരുപരുത്ത കൈ കുറെ നേരം പിടിച്ചപ്പോൾ എന്റെ കൈ വേദനിക്കാൻ തുടങ്ങി. അപ്പോഴേക്കും വീടെത്തി.

ഞങ്ങൾ ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിച്ചു. വീണ്ടും ഇഷ നമസ്ക്കാരത്തിനായി പള്ളിയിലേക്ക്…

അദ്ദേഹം ജന്മനാ അന്ധനായിരുന്നില്ല. ഡ്രൈവർ ജോലിചെയ്ത കാലത്ത് കണ്ണിൽ ഓയിൽ വീണതാണെന്ന് പറഞ്ഞു കേട്ട ഒരോർമ്മയുണ്ട്. ഞാൻ മുതിർന്നപ്പോഴും ഇടക്കൊക്കെ വരാറുണ്ടായിരുന്നു
പിന്നീട് എപ്പോഴാ കീഴൂർ പള്ളിയിൽ വരാതെയായി.

ഒരു പക്ഷേ പ്രായാധിക്യം മൂലം അദ്ദേഹം ഈ ലോകത്തു നിന്ന് വിട പറഞ്ഞിട്ടുണ്ടാവാം. ആ പുഞ്ചിരിയോടെയുള്ള സംസാരം എന്നുമെന്റെ കണ്മുന്നിലുണ്ട്… ഇതെഴുതുമ്പോഴും….


നിങ്ങളുടെ റമദാൻ ഓർമ്മകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വായനക്കാരുമായി പങ്കുവയ്ക്കാനായി അയക്കൂ: [email protected]