ചക്രവാതച്ചുഴി നിലനിൽക്കുന്നു; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരും
കോഴിക്കോട്: തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണ ലഭിക്കേണ്ടതിനെക്കാൾ നൂറ്റിപതിനെട്ടു ശതമാനം അധികം മഴയാണ് മാർച്ച് ഒന്നുമുതൽ ഇതുവരെ കേരളത്തിൽ പെയ്തിറങ്ങിയത്. ഇടിമിന്നലും ശക്തമായ കാറ്റുമായാണ് വേനൽ മഴ തകർത്തു പെയ്യുന്നത്.
മാർച്ച് ഒന്നു മുതൽ ഏപ്രിൽ 17 വരെ സംസ്ഥാനത്ത് 190.5 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനെക്കാൾ 118 ശതമാനം അധികമാണിത്. ഏറ്റവും കൂടുതൽ മഴ കിട്ടിയത് കാസർകോടാണ്, 173.7 മില്ലീമീറ്റർ. 453 ശതമാനം അധികം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. മധ്യകേരളത്തിൽ ഏറ്റവും അധികം മഴ പെയ്തത് എറണാകുളം ജില്ലയിലാണ്. സാധാരണയെക്കാൾ 227 ശതമാനം അധികം മഴ എറണാകുളത്ത് ലഭിച്ചു.
തെക്കൻ ജില്ലകളിൽ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്, 446.7 മില്ലീമീറ്റർ. 177 ശതമാനം അധികം മഴയാണിത്. 14 ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. പരക്കെയുള്ള മഴ വേനലിന്റെ രൂക്ഷത കുറയാനും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടാനും കാരണമായിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശവും ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും സംസ്ഥാനത്ത് നിലവിലുണ്ട്.