കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ജൂലൈ ഒമ്പതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 6 മുതല്‍ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 09-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) 07-07-2022 രാത്രി 11.30 വരെ 3.5 മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കോഴിക്കോടിനു പുറമേ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാനുള്ള പ്രധാന കാരണം. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറന്‍ മധ്യപ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതും ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതും കാരണമാണ് അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നത്.