മഴ മുന്നറിയിപ്പില്‍ മാറ്റം; കോഴിക്കോട് അടക്കം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. കോഴിക്കോട് ഉള്‍പ്പെടെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
രാവിലെ നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. കോഴിക്കോടിന് പുറമേ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.