‘ആനന്ദ് മരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് റെയില്‍വേക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല’; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം റെയിലിനു കുറുകെ നടപ്പാലം നിര്‍മ്മിക്കണമെന്ന് എ.ഐ.വൈ.എഫ്


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്ത് റെയിലിന് കുറുകെ നടപ്പാലം നിര്‍മ്മിക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ഇവിടെ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച പന്തലായനി ബി.ഇ.എം യു.പി സ്‌കൂളിലെ ആനന്ദ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇവിടെ നടപ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പന്തലായനി ബി.ഇ.എം യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് പ്രീ പ്രൈമറി സ്‌കൂള്‍, കൊയിലാണ്ടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പാളം മുറിച്ച് കടന്നാണ് സ്‌കൂളിലേക്ക് വരാറുള്ളത്. വിദ്യാര്‍ത്ഥികളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മേല്‍പ്പാലം നിര്‍മ്മിക്കുകയാണ് പരിഹാരം. എന്നാല്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യത്തോട് റെയില്‍വേ അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും റെയില്‍വേ അധികൃതരുടെ ഈ നിലപാട് മാറ്റണമെന്നും എ. ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുമേഷ് ഡി. ഭഗത്, സെക്രട്ടറി എ.ടി.വിനീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ടാണ് അമ്മയോടൊപ്പം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകവെ ആനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും പാളത്തിന് സമീപത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ആനന്ദ് കുട നിവര്‍ത്തി പിടിച്ചിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

ട്രെയിനിന്റെ അതിവേഗത കൊണ്ടുള്ള കാറ്റില്‍ കുടയ്ക്കൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വടകര ഒഞ്ചിയം സ്വദേശിയാണ് ആനന്ദ്. പന്തലായനി ബി.ഇ.എം യു.പി സ്‌കൂളിലെ അധ്യാപികയാണ് അമ്മ ധന്യ. മാധ്യമം ദിനപത്രത്തിലെ സബ് എഡിറ്റര്‍ അനൂപ് അനന്തനാണ് അച്ഛന്‍. സഹോദരന്‍ ആരോമല്‍.