രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺ​ഗ്രസ്; വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും സൂചന


ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രണ്ടു സീറ്റുകളില്‍ ജയിച്ച സാഹചര്യത്തില്‍ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമെന്നും റായ്ബറേലി നിലനിര്‍ത്തുമെന്നും വിവരമുണ്ട്.

മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. തിങ്കളാഴ്ചയക്കുള്ളില്‍ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ നേതാവായ രാഹുൽ ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്.

അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. വയനാട് ഒഴിഞ്ഞാലും ഉറച്ച മണ്ഡലമെന്ന നിലയിൽ മറ്റൊരാളെ വിജയിപ്പിച്ചെടുക്കാൻ കോൺഗ്രസിന് എളുപ്പമാണ്. റായ്ബറേലിയും പാർട്ടിയുടെ ഉറച്ച കോട്ടയാണെങ്കിലും വയനാടിനെ അപേക്ഷിച്ച് ബിജെപിക്ക് മികച്ച സംഘടനാസംവിധാനമുള്ള മണ്ഡലമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.

അതേസമയം രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.